അടൂര്‍ : വാഹനാപകടത്തില്‍ ഏക മകന്‍ മരിച്ച വേദനയില്‍ കഴിഞ്ഞിരുന്ന അന്‍പത്തിനാലുകാരിക്ക് ഇരട്ടി മധുരവുമായിഇരട്ടക്കുട്ടികള്‍ പിറന്നു. വടശ്ശേരിക്കര ശ്രീനിവാസില്‍ ശ്രീധരന്‍ – കുമാരി ദമ്ബതികള്‍ക്കാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു.

ദമ്ബതികളുടെ ഏക മകന്‍ 2018 ഡിസംബറിലാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇതിന്റെ വേദനയില്‍ കഴിയവേയാണ് വീണ്ടും ഒരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ദമ്ബതികള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് ഒരു വര്‍ഷം മു‍ന്‍പ് വന്ധ്യതാ ചികിത്സാ വിദഗ്ധനായ ലൈഫ്‌ ലൈന്‍ ആശുപത്രി എംഡി ഡോ. എസ്. പാപ്പച്ചന്റെ ചികിത്സ തേടുകയായിരുന്നു .

പാപ്പച്ചനെ കൂടാതെ മകന്‍ ഡോ. സിറിയക് പാപ്പച്ചന്‍, ‍ഡോ.ബി. പ്രസന്നകുമാരി, ഡോ. ജെസ്ന ഹസന്‍, ഡോ. ഷീജ പി. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്.