ചെന്നൈ: എസ്.പി. ബാലസുബ്രഹ്മണ്യം ജനങ്ങളുടെ സ്വത്താണെന്നും അദ്ദേഹത്തിനുവേണ്ടി സ്മാരകം നിര്‍മിക്കുമെന്നും മകന്‍ എസ്.പി ചരണ്‍. മഹാഗായകന്‍ അന്ത്യവിശ്രമം കൊള്ളുന്ന താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ഉചിതമായ സ്മാരകം നിര്‍മിക്കുമെന്നും എസ്.പി.ചരണ്‍ അറിയിച്ചു.

”അദ്ദേഹത്തിനു സ്മാരകം നിര്‍മിക്കണമെന്നത് എന്റെ ആഗ്രഹമാണ്. അദ്ദേഹം എപ്പോഴും ജനങ്ങളുടെ സ്വത്തായിരുന്നു. ഇനി മുതല്‍ അദ്ദേഹത്തിന്റെ സംഗീതവും അങ്ങനെയായിരിക്കും. ഞാനും കുടുംബവും അങ്ങേയറ്റം നന്ദിയുള്ളവരാണ്. കഴിഞ്ഞ 50 വര്‍ഷം സംഗീതത്തെ സ്നേഹിക്കുന്നവര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.ലോകമെമ്പാടുമുള്ള എല്ലാ എസ്.പി.ബി. ആരാധകര്‍ക്കുമായി സ്മാരകം സമര്‍പ്പിക്കും.” ചരണ്‍ പറഞ്ഞു.ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്ത ആഴ്ചയോടെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യത്തിലും ആദരമര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തിയതു ഹൃദയം നിറച്ചുവെന്നും ചരണ്‍ പറഞ്ഞു.

കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യം വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ചെന്നൈയ്ക്കടുത്ത തിരുവള്ളൂര്‍ ജില്ലയിലെ താമരൈപ്പാക്കത്തെ ഫാം ഹൗസില്‍ ശനിയാഴ്ച രാവിലെയാണ് ഔദ്യോഗിക ബഹുമതികളോടെ ശവസംസ്കാരം നടന്നത്.