ചെന്നൈ: കഴിഞ്ഞദിവസം ലോകത്തോട് വിടപറഞ്ഞ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍്റെ ചികിത്സാ ചെലവുകളെ കുറിച്ചുള്ള വാര്‍ത്തയ്ക്കെതിരെ മകന്‍ എസ്പി ചരണ്‍. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് എസ്പി ചരണ്‍ പ്രതികരിച്ചു. ഇത്തരം വ്യാജവാര്‍ത്തകള്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ഒഴിവാക്കണമെന്നും എസ് പി ചരണ്‍ പറഞ്ഞു.

ചെന്നൈ എംജിഎം ആശുപത്രിയില്‍ മുഴുവന്‍ തുകയും അടയ്ക്കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ വൈകിയെന്നും, ഉപരാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയതെന്നുമായിരുന്നു ചില തമിഴ് മാധ്യമങ്ങളിലും ചില ദേശീയ മാധ്യമങ്ങളിലെയും റിപ്പോര്‍ട്ട്. ചികിത്സാ ചിലവ് സംബന്ധിച്ച്‌ ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാര്‍ത്തകള്‍ വന്നത് ഖേദകരമാണെന്ന് എസ് പി ചരണ്‍ പറഞ്ഞു. എസ്പിബിയുടെ തിരിച്ചുവരവിനായി എംജിഎം ആശുപത്രി പരമാവധി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.