• ആമി ലക്ഷ്‌മി , ബിന്ദു ടിജി

അമേരിക്കയിൽ കുടിയേറിപ്പാർത്ത മലയാളികളുടെയും അവരെ സന്ദർശിച്ചവരുടെയും അനുഭവങ്ങളുടെ ഒരു സമാഹാരം “എല്ലിസ് ഐലൻഡിൽ നിന്ന്” തയ്യാറായിക്കഴിഞ്ഞു. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ, പ്രവീൺ വർഗ്ഗീസിന്റെ ഓർമ്മകൾക്ക് മുന്നിൽ ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നു . ഏറെ വിസ്‌തൃതമായ ഈ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന ഏതാനും സമാനഹൃദയരെ ഒന്നിപ്പിച്ച് അവരുടെ ആത്മഭാഷണം ഒരു കുടക്കീഴിലാക്കി സഹൃദയ സമക്ഷം സമർപ്പിക്കണം എന്ന ഒരാഗ്രഹത്തിൽ നിന്ന് രൂപം കൊണ്ടതാണ് ഈ സമാഹാരം.

ആമി ലക്ഷ്‌മി യും ബിന്ദു ടിജി യും ചേർന്ന് എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ സി രാധാകൃഷ്ണൻ, ഡോക്ടർ. എം വി പിള്ള , പി ടി പൗലോസ്, ലൗലി വർഗ്ഗീസ്, കെ വി പ്രവീൺ, അനിലാൽ ശ്രീനിവാസൻ, കെ രാധാകൃഷ്ണൻ, സംഗമേശ്വരൻ മാണിക്യം, ലാസർ മണലൂർ, സന്തോഷ് പാല, ഷാജൻ ആനിത്തോട്ടം, രവി രാജ, കുഞ്ഞുസ്, ആമി ലക്ഷ്‌മി, ബിന്ദു ടിജി എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നു .
പ്രതിജനഭിന്നമായ ജീവിത സമ്മർദ്ദങ്ങളുടെ ശക്തിവിശേഷത്താലോ സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥയാലോ ജീവിത സൗകര്യങ്ങളുടെ മാസ്‌മരികതയാലോ അമേരിക്കയിലേക്ക് കുടിയേറിപ്പാർക്കുവാൻ ഇടവന്നവരാണ് ഞങ്ങൾ . അതിജീവനത്തിന്റെ പാതയിൽ ഞങ്ങൾ നേരിട്ട തീക്ഷ്‌ണമായതും അല്ലാത്തതു മായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാ ണ് ഇതിലെ പതിനഞ്ചു അനുഭവക്കുറിപ്പുകൾ . ആശങ്കയും, ആനന്ദവും, ആശ്ചര്യവും, പ്രതീക്ഷയും, പ്രതിഷേധവും തുടങ്ങി വൈവിധ്യമാർന്ന വികാരങ്ങളെ രൂപശിൽപ്പമായി ആവിഷ്‌കരിച്ചിരിക്കുകയാണ് ഈ കൃതിയിൽ. തൃശ്ശൂർ പുലിസ്റ്റർ ബുക്ക്സ് ആണ് പ്രസാധകർ .

പ്രവീൺ വർഗ്ഗീസിന്റെ അമ്മ ലൗലി വർഗീസും കുടുംബവും കടന്നു പോയ തീക്ഷ്ണമായ അനുഭവങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സന്ദർശകർ എന്ന നിലയിൽ രണ്ടു പേരെ യാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ സി രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ അമേരിക്കൻ കാഴ്ചകൾ ഈ പുസ്തകത്തിലേക്ക് നൽകിയതിൽ ഞങ്ങൾക്ക് ഏറെ സന്തോഷിക്കുന്നു .
തന്റെ അമേരിക്കൻ സന്ദർശനവേളയിൽ ശിഥില മാകുന്ന കുടുംബബന്ധങ്ങളും , പെരുകുന്ന കുറ്റകൃത്യങ്ങളും നിത്യേന കാണുവാനും വായിച്ചറിയുവാനും കഴിഞ്ഞതിന്റെ ഭാഗമായി ലാസർ മണലൂർ എഴുതിയ ഒരനുഭവകഥയ്ക്കും നന്ദി .
അമേരിക്കൻ അനുഭവകഥകളുടെ ഈ സമാഹാരം തയ്യാറാക്കാൻ കൂടെ നിന്ന ഓരോരുത്തരും, അവരുടെ തിരക്ക് പിടിച്ച ജീവിതത്തിൽ നിന്നു മാറി നിന്ന് എഴുതാൻ സമയം കണ്ടെത്തിയതിനും, ജീവിതത്തിൽ പറയാൻ മടിച്ച അനുഭവങ്ങൾ ലോകത്തിനു പങ്കു വച്ചതിനും ഹൃദയം നിറഞ്ഞ നന്ദി.

മികച്ച എഴുത്തുകാരെന്ന് അവകാശപ്പെടുന്നവരല്ല ഞങ്ങൾ. അതുകൊണ്ടുതന്നെ ഈ അനുഭവക്കുറിപ്പുകൾ, സാഹിത്യത്തിൻറെ മറവിൽ രചിക്കപ്പെട്ടതല്ലതെന്നതിലുപരി, നിർവ്യാജവും നിഷ്കളങ്കവുമായ തൂലികകൊണ്ട് എഴുതിയതാണ് എന്നോർമപ്പെടുത്തട്ടെ. വായനക്കാർ ഈ വികാരം ഉൾക്കൊണ്ട് ഞങ്ങളുടെ വാങ്മയത്തിൽ ലയിക്കുമെങ്കിൽ ഞങ്ങൾ കൃതാർത്ഥരായി .