ബെംഗളൂരു: നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാലത്തിലുള്ള വേര്‍പാട് താങ്ങാനാകാതെ ഓര്‍മകുറിപ്പുമായി നടിയും ഭാര്യയുമായ മേഘ്‌ന രാജ്. ചിരഞ്ജീവി സര്‍ജ വിടവാങ്ങിയിട്ട് ദിവസങ്ങള്‍ പിന്നിടുമ്ബോള്‍, അതിന്റെ ആഘാതത്തില്‍നിന്ന് പുറത്തുവരാനാകാത്ത മേഘ്‌ന, അദ്ദേഹത്തെക്കുറിച്ചുള്ള ഹൃദയത്തില്‍ തൊടുന്ന ഓര്‍മകുറിപ്പാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

‘എല്ലായിപ്പോഴും എന്റെ ചിരു’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘ചിരു ഞാന്‍ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ നിന്നോട് പറയാനുള്ള കാര്യങ്ങള്‍ക്ക് വാക്കുകള്‍ കണ്ടെത്താനാകുന്നില്ല.

നീയെനിക്ക് ആരായിരുന്നുവെന്നത് നിര്‍വചിക്കാന്‍ ലോകത്തെ ഒരു വാക്കിനുമാകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്‍, എന്റെ ജീവിത പങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തന്‍, എന്റെ ഭര്‍ത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീയെനിക്ക്. നീ എന്റെ ആത്മാവിന്റെ ഭാഗമാണ് ചിരു. നീയെന്നെ ഒരുപാട് സ്‌നേഹിക്കുന്നു. അതിനാല്‍ നിനക്കെന്നെ തനിച്ചാക്കാന്‍ കഴിയില്ല, അല്ലേ? നീ എനിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനാണ് നമ്മുടെ കുഞ്ഞ്, നമ്മുടെ സ്‌നേഹത്തിന്റെ പ്രതീകം, അതിന് ഞാന്‍ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്.

നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കാത്തിരിക്കുകയാണ് ഞാന്‍. നിന്നെ വീണ്ടും കെട്ടിപിടിക്കാന്‍, വീണ്ടും ചിരിക്കുന്ന നിന്നെ കാണാന്‍, മുറി മുഴുവന്‍ പ്രകാശം പരത്തുന്ന ചിരി കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നില്‍ തന്നെയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’.കുറിപ്പിനൊപ്പം ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രവും മേഘ്‌ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹൃദയാഘാതത്തെതുടര്‍ന്ന് ഈ മാസം ഏഴിനാണ് ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചത്. പത്തുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018 മേയ് രണ്ടിനാണ് മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും വിവാഹം. ചിരഞ്ജീവി സര്‍ജ മരിക്കുമ്ബോള്‍ മേഘ്‌ന രാജ് മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന്റെ വരവിനായുള്ള കാത്തിരിപ്പിനിടയിലാണ് ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം.