എയര്‍ ബബിള്‍ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സര്‍വീസുകളിലെ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഓരോ സ്ഥലത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം ആയിരം വീതമാണ് വര്‍ധിപ്പിച്ചത്.
ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികള്‍ ആഴ്ചയില്‍ ആറായിരം സീറ്റുകള്‍ എന്ന തോതിലായിരിക്കും സര്‍വീസ് നടത്തുക. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തില്‍ നിന്ന് 12000മായി ഉയരും. ഇപ്പോള്‍ അയ്യായിരം സീറ്റുകള്‍ വീതമാണ് സര്‍വീസ്. സീറ്റുകള്‍ വര്‍ധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും മസ്കത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു.
എയര്‍ ഇന്ത്യ ദല്‍ഹിയിലേക്കും മുംബൈയിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചത്. നവംബര്‍ ആദ്യ വാരം പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായി കുറച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കും ഒമാനുമിടയിലെ സര്‍വീസുകള്‍ നിര്‍ത്താന്‍ ബജറ്റ് വിമാന കമ്പനികളോട് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.