വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി യുഎസ്‌എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മുന്നൂറോളം വിമാനങ്ങള്‍ക്കായി എയര്‍ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ വിമാനക്കമ്ബനിയുടെ വെബ്‌സൈറ്റില്‍ ആറ് കോടി പേര്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ഇപ്പോഴുള്ളത്. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ ഇന്നലെ വൈകുന്നേരം 5 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്.
വന്ദേ ഭാരത് മിഷന്‍ 3 പ്രകാരമുളള്ള വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് പോകാന്‍ കാത്തിരിക്കുന്നത് നിരവധിയാളുകളാണ്. ആളുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. തിരക്കിനെ തുടര്‍ന്ന് വെബ്സൈറ്റിന് തകരാര്‍ സംഭവിച്ചോയെന്ന് പലരും ട്വീറ്റ് ചെയ്തു. ചിലര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ വിജയിച്ചപ്പോള്‍, മിക്ക വിമാനങ്ങളിലെയും ടിക്കറ്റുകള്‍ ബുക്കിംഗ് ആരംഭിച്ച ഉടന്‍ തന്ന വിറ്റുപോയതിനാല്‍ ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് നിരവധി യാത്രക്കാര്‍ നിരാശ പ്രകടിപ്പിച്ചു.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പലരും മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും പലര്‍ക്കും ടിക്കറ്റ് ലഭിച്ചില്ലെന്നാണ് വിവരം. ചിലര്‍ക്കാകട്ടെ പണം കുറച്ചെങ്കിലും ടിക്കറ്റ് നല്‍കിയിട്ടില്ലെന്നാണ് പരാതി.
വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടം ജൂണ്‍ 11 (വ്യാഴം) മുതല്‍ ജൂണ്‍ 30 വരെ തുടരും. എയര്‍ ഇന്ത്യ വന്ദേ ഭാരത് മിഷന്റെ ഈ ഘട്ടത്തില്‍ ജൂണ്‍ 18 മുതല്‍ ജൂണ്‍ 23 വരെ യുകെയില്‍ കുടുങ്ങിക്കിടക്കുന്ന 1,200 ഓളം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അഞ്ച് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ജൂണ്‍ 11 മുതല്‍ ജൂണ്‍ 30 വരെ യുഎസിലും കാനഡയിലും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ എയര്‍ലൈന്‍ 70 വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.