കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലാണ്. മാര്‍ച്ച് 29ന് ആരംഭിച്ച് മേയ് 24ന് അവസാനിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് നിലവില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്ന് തുടങ്ങിയതോടെ വൈകാതെ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകരും സംഘാടകരും.
അതേസമയം, ലോക്ക്ഡൗണിനിടയിലും താരങ്ങളും ക്ലബ്ബുകളും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. പലരും വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രിയപ്പെട്ടതും മികച്ചതുമായ ടീമുകളെയും തിരഞ്ഞെടുത്തു. ലോക്ക്ഡൗണിന്റെ അവസാന ഘട്ടത്തില്‍ അത്തരമൊരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ. താനുള്‍പ്പെടുന്ന എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമിനെ തിരഞ്ഞെടുത്ത താരം എന്നാല്‍ നായകസ്ഥാനത്തേക്ക് മുംബൈ നായകന്‍ കൂടിയായ രോഹിത്തിന് പകരം എം.എസ്.ധോണിയെയാണ് തിരഞ്ഞെടുത്തത്.
രണ്ട് വെടിക്കെട്ട് താരങ്ങളാണ് പാണ്ഡ്യയുടെ ടീമിലെ ഓപ്പണര്‍മാര്‍, വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയും. മൂന്നാം നമ്ബരില്‍ യാതൊരു സംശയവുമില്ലാതെ പാണ്ഡ്യ കോഹ്‌ലിയെ തിരഞ്ഞെടുത്തപ്പോള്‍ മധ്യനിരയുടെ ചുമതല ഫീല്‍ഡിങ്ങിലും മിന്നും പ്രകടനം പുറത്തെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനും ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്കുമാണ്.
എം.എസ്.ധോണിയാണ് ടീമിലെ വിക്കറ്റ് കീപ്പറും നായകനും. ടീമിലെ ഏക ഓള്‍റൗണ്ടര്‍ പാണ്ഡ്യ തന്നെ. രണ്ട് വീതം സ്‌പിന്നര്‍മാരെയും പേസര്‍മാരെയും ഉള്‍പ്പെടുത്തിയാണ് പാണ്ഡ്യ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. സുനില്‍ നരെയ്നും റാഷിദ് ഖാനുമാണ് സ്പിന്നര്‍മാര്‍. പേസര്‍മാരാകട്ടെ മുംബൈ താരങ്ങളായ ജസ്പ്രീത് ബുംറയും ലസിത് മലിംഗയും.