ടൊറന്റോ ∙ മിഷൻ ബെറ്റർ ടുമാറോയുടെ ‘പോസ് പോസ് ഓൺലൈൻ’ സംവാദ പരമ്പരയിൽ നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി പങ്കെടുക്കും. ഡിസംബർ 11 വെള്ളിയാഴ്ച ടൊറന്റോ, ന്യൂയോർക്ക് സമയം രാവിലെ എട്ടരയ്ക്കും ഷിക്കാഗോ സമയം രാവിലെ ഏഴരയ്ക്കുമാണ് ലൈവ് സംവാദം. കുട്ടികളോടുള്ള അനുഭാവം ആഗോളതലത്തിൽ എന്നതാണ് സംസാരവിഷയം. രാജ്യാന്തരസമൂഹത്തെ ലക്ഷ്യമിട്ട് ഒരുക്കുന്ന ഇംഗ്ളീഷ് സംവാദ പരമ്പരയിൽ ആദ്യത്തേതാണിത്.

യുവജനങ്ങൾക്കിടയിൽ ക്രിയാത്മക മാറ്റങ്ങളും അർഥപൂർണമായ സാമൂഹിക ഇടപെടലുകളും ലക്ഷ്യമിട്ട് രൂപീകരിച്ചതാണ് ‘എംബിടി’ എന്നറിയപ്പെടുന്ന മിഷൻ ബെറ്റർ ടുമാറോ. കുട്ടികൾക്കായി വിജയകരമായി നടപ്പാക്കിയ പല പദ്ധതികൾക്കും നേതൃത്വം നൽകിയ ഐജി പി. വിജയനാണ് എംബിടിയുടെ പ്രചോദകശക്തിയും മാർഗദർശിയും.

ലോക്ഡൗൺ കാലത്ത് തുടക്കമിട്ട സംവാദ പരമ്പരയിൽ ഇതിനകം നടൻ മോഹൻലാൽ, ഇൻഫോസിസ് മുൻ സിഇഒ: എസ്. ഡി. ഷിബു ലാൽ, ഒളിംപ്യൻ അഞ്ജു ബോബി ജോർജ് തുടങ്ങി എഴുപത്തിയഞ്ചിലേറെ പ്രതിഭകൾ പങ്കെടുത്തുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ഇവ കണ്ടത്. പങ്കാളികളിൽ യൂണിസെഫും ഉൾപ്പെടുന്നു. ഇതോടൊപ്പമുള്ള ചാനലുകളിൽ സംവാദം തൽസമയം സംപ്രേഷണം ചെയ്യും. http://facebook.com/mbtunited, http://youtube.com/mbtunited

എംബിടിയുടെ സംവാദ പരമ്പരയിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി കാനഡയിൽ നിന്നുള്ള മീഡിയ പാർട്ണേഴ്സ് ആയ ഇന്യൂസ് ഡൈസറ്റ് ടിവി സംഘാടകരായ വിനോദ് ജോണും ബ്രിജേഷ് കെസിയും പറഞ്ഞു. കനേഡിയൻ സമൂഹത്തിൽ എംബിടി സംവാദ പരമ്പരയ്ക്ക് പ്രചാരം നൽകുന്നതിനാണ് ഈ പങ്കാളിത്തം. ഇന്യൂസ്ഡൈജസ്റ്റ് ടിവി ഫെസ്ബുക്ക് പേജിലും ലൈവ് ദൃശ്യ സംവാദം ദൃശ്യമാകും. www.facebook.com/enewsdigesttvchannel