തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും ഇന്ന് എഴുത്തുപരീക്ഷ. പൊലീസിലെ ഉഴപ്പന്‍മാരായ ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് പരീക്ഷ നടത്തുന്നത്. ഇന്ന് ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക. ജില്ലാ പൊലീസ് മേധാവിമാരെയും ഡിവൈ.എസ്.പിമാരെയും പങ്കെടുപ്പിച്ചുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകിട്ട് 5.30നാണ് പരീക്ഷ. പോക്സോ കേസുകളുടെ അന്വേഷണം, വിചാരണ, കുറ്റപത്രം തയാറാക്കല്‍ എന്നിവവയനുസരിച്ചുള്ള സിലബസ് പ്രകാരമാണ് ചോദ്യം തയാറാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പലപ്പോഴായി പൊലീസ് ആസ്ഥാനത്തുനിന്നു വരുന്ന ഉത്തരവുകളും സര്‍ക്കുലറുകളും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്താണു ചോദ്യാവലി തയാറാക്കിയത്. ആകെ 20 ചോദ്യങ്ങളുണ്ടാകും. ചോദ്യാവലി എസ്.പിമാര്‍ക്കു വാട്സ്‌ആപ്പില്‍ അയച്ചുനല്‍കും. ഉത്തരങ്ങള്‍ വാട്സ്‌ആപ്പിലും വീഡിയോ കോണ്‍ഫറന്‍സില്‍ തത്സമയവും നല്‍കണം. പരീക്ഷയിലെ പ്രകടനം മോശമാണെങ്കില്‍ പൊലീസ് ട്രെയിനിങ് കോളജില്‍ 15 ദിവസത്തെ പരിശീലനത്തിനയയ്ക്കും. പരിശീലനത്തിനു പുറമെ അവിടെയും പരീക്ഷകള്‍ നടത്തും. അതില്‍ വിജയിച്ചാല്‍ മാത്രമേ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്ക് തിരികെ പോകാനാകൂ.

പൊലീസ് ആസ്ഥാനത്തുനിന്നുള്ള ഉത്തരവുകളും നിര്‍ദേശങ്ങളും വായിച്ചുപോലും നോക്കാതെ ചവറ്റുകുട്ടയിലിടുന്ന ജില്ലാമേധാവിമാരെ കൈയോടെ പിടികൂടുകയാണു പരീക്ഷയുടെ ലക്ഷ്യം. മുകളില്‍നിന്നുള്ള ഉത്തരവുകള്‍ വായിക്കുന്നവര്‍പോലും അതിന്റെ അര്‍ത്ഥമുള്‍ക്കൊള്ളുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകളില്‍ മിക്കവയും അന്വേഷിക്കുന്നതു പുരുഷ ഓഫീസര്‍മാരാണെന്ന ന്യൂനത പലതവണ പൊലീസ് ആസ്ഥാനത്തുനിന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസില്‍ ആവശ്യത്തിനു വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും ജില്ലാ പൊലീസ് മേധാവിമാര്‍ അവരെ കേസ് അന്വേഷണത്തിനു നിയോഗിക്കുന്നില്ലെന്നാണു പരാതി. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ എസ്.പിമാര്‍ അവഗണിച്ചതും വീഡിയോ കോണ്‍ഫറന്‍സില്‍ ചര്‍ച്ചചെയ്യും. ഹര്‍ഷിത അട്ടല്ലൂരി (ദക്ഷിണമേഖല) ഉള്‍പ്പെടെയുള്ള ഐ.ജിമാരും റേഞ്ച് ഡി.ഐ.ജിമാരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.