ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിക്കപ്പെട്ട ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് മന്ത്രി കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു.

മന്ത്രിയുടെ ഭാര്യയെ ഋഷികേശിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രി ഔദ്യോഗിക വസതിയിലും ക്വാറന്റീനില്‍ കഴിയുകയാണ്. മന്ത്രിക്ക് ഭാര്യയില്‍ നിന്നാണ് കൊവിഡ് ബാധിച്ചതെന്നാണ് സൂചന. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയുടെ വസതിയിലെ 41 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

ഉത്തരാഖണ്ഡില്‍ പുതുതായി 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 749 ആയി. രാജ്യത്ത് 24 മണിക്കൂറിനിനെ 8000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ഇത്രയും പേര്‍ക്ക് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 182143 ആയി.