ഇസ്ലാമാബാദ്: പാകിസ്താനില്‍ വിമാനം തകര്‍ന്നു വീണതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. 91 യാത്രക്കാരുമായി ലാഹോറില്‍ നിന്നും പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ-320 യാത്രാ വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് വിമാനം തകര്‍ന്നു വീണത്. ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് തൊട്ടടുത്തുള്ള മോഡല്‍ വില്ലേജിലേക്കാണ് യാത്ര വിമാനം ഇടിച്ചിറങ്ങിയത്. . വിമാനം കെട്ടിടത്തിലേക്ക് വന്നു പതിച്ച ഉടന്‍ ഉഗ്ര സ്‌ഫോടനം ഉണ്ടായി. സെക്കന്റുകള്‍ക്കകം വായുവില്‍ കറുത്ത പുക ഉയര്‍ന്നു. സമീപത്തെ വീടിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

ജീവനക്കാരടക്കം 99 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട സ്ഥലത്ത് നിന്നും 60 ഓളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. വീടുകള്‍ക്ക് മുകളില്‍ വിമാനം തകര്‍ന്നു വീണതിനാല്‍ മൃതദേഹങ്ങള്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരുടേതാണോ പ്രദേശവാസികളുടേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല.