ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടതിന് പിന്നാലെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുവെന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ രംഗത്ത് വന്നും. പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കി. ഇതിനിടെ നാദിർഷയുടെ തീരുമാനത്തിന് പിന്തുണയറിയിച്ച് ഫെഫ്ക രംഗത്തുവന്നിരുന്നു.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്.