ന്യൂഡല്‍ഹി: നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന സാധാരണ പട്രോളിംഗിനെ ചൈനീസ് സൈന്യം തടസപ്പെടുത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി സംരക്ഷണത്തില്‍ ഇന്ത്യയുടേത് ഉത്തരവാദിത്തപരമായ സമീപനമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വെസ്റ്റേണ്‍ സെക്ടറിലോ സിക്കിമിലോ ഇന്ത്യ, നിയന്ത്രണരേഖ ലംഘിച്ചിട്ടില്ല. ലഡാക്കില്‍ ചൈനീസ് സൈന്യം പലതവണ അതിര്‍ത്തി ലംഘിച്ചു. ഇതിലൊരു അതിര്‍ത്തിലംഘനം ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളിലെ യഥാര്‍ഥ നിയന്ത്രണരേഖയുടെ വിന്യാസം ഇന്ത്യന്‍ സൈനികര്‍ക്ക് നന്നായി അറിയാം. അത് കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പാലിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അടുത്തിടെ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന സാഹചര്യമുണ്ടായിരുന്നു. ഗല്‍വാന്‍ നദിക്കു സമീപത്തായി ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ഈ മേഖലയില്‍ സൈനിക ശക്തി വര്‍ധിപ്പിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.