ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി സ്പെയിന്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെയാണ് നദാല്‍ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു നദാലിന്റെ വിജയം. സ്കോര്‍ 5-7, 6-1, 3-6. റോമില്‍ നദാല്‍ ഉയര്‍ത്തുന്ന പത്താം കിരീടമാണിത്. രണ്ടാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ ജോക്കോവിച്ചിന് സാധിച്ചെങ്കിലും നദാലിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. സെമിയില്‍ റെയ്‌ലി ഒപെല്‍കായെ തകര്‍ത്താണ് നദാലിന്റെ ഫൈനല്‍ പ്രവേശനം. ജോക്കോവിച്ചാകട്ടെ ലോറെന്‍സോ സോനെഗോയെ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ കേറിയത്.
വനിതാ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ചെക്കിന്റെ കരോലിന പ്ലിസ്ക്കോവയെ പരാജയപ്പെടുത്തി പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്കിനാണ് കിരീടം. ഒരു ഗെയിം പോലും വിട്ടു കൊടുക്കാതെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. സ്കോര്‍ 6-0, 6-0



