ഡാലസ് ∙ ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് 2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികൾക്കു പുറമേ ഒൻപതംഗ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് ജസ്റ്റിൻ വർഗീസ്. ഡാലസിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ ജസ്റ്റിൻ വർഗീസ് അറിയപ്പെടുന്ന ഒരു റിലേറ്ററാണ്. മലയാളികളുടെ പ്രതിനിധിയായി ബോർഡിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അതീവ കൃതാർഥനാണ് ജസ്റ്റിൻ പറഞ്ഞു.

1962 ൽ സ്ഥാപിതമായ ഐഎഎൻറ്റി നൂറോളം അംഗ സംഖ്യയുള്ള ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് അഭിജിത്ത് റെയ്ക്കറുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗം ഷെയ്‍ലിഷ ഷാ (പ്രസിഡന്റ്), ഉർമിറ്റ് സിംഗ് (പ്രസിഡന്റ് ഇലക്റ്റ്), രാഹുൽ ചാറ്റർജി (വൈസ് പ്രസിഡന്റ്), മഹിന്ദർ റാവു (സെക്രട്ടറി), ദിനേഷ് ഹൂഡ (ജോ. സെക്രട്ടറി), രാജീവ് റായ് കമ്മത്ത് (ട്രഷറർ) എന്നിവരെ ഐക്യ കണ്ഠേനയാണ് തിരഞ്ഞെടുത്തത്.

പുതിയ വർഷത്തെ പ്രവർത്തനപരിപാടികൾ യോഗത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചു. ഇന്ത്യാ ഡേ ആഘോഷം, ആനന്ദ് ബസാർ, കോൺസുലേറ്റ് വീസ സർവീസ്, റേഡിയോ ഭാരതി പ്രോഗ്രാം, വിവിധ സെമിനാറുകൾ എന്നിവ വർഷന്തോറും സംഘടിപ്പിച്ചുവരുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ പരിപാടികളുടെ വിശദാംശങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.