ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിക്കരികിലൂടെ ലിപുലേഖ് പാസുമായി ബന്ധിപ്പിച്ച് ഇന്ത്യ ഉത്തരാഖണ്ഡില്‍ ഉദ്ഘാടനം ചെയ്ത തന്ത്ര പ്രധാന റോഡിനെതിരെ എതിര്‍പ്പുമായി നേപാള്‍. അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന് ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്ന ധാരണക്ക് എതിരാണ് ഇന്ത്യയുടെ ഏകപക്ഷീയമായ പ്രവൃത്തിയെന്ന് നേപാള്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പ്രതികരിച്ചു.
ഇന്ത്യയും നേപാളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന കാലാപാനിക്ക് സമീപത്തുള്ള സ്ഥലമാണ് ലിപുലേഖ് പാസ്. ചൈന അതിര്‍ത്തിക്കരികിലൂടെ കൈലാസ് മാനസേരാവറിലേക്ക് എളുപ്പമെത്താന്‍ സഹായിക്കുന്ന 80 കിലോമീറ്റര്‍ നീളത്തിലുള്ള റോഡ് 17,000 അടി ഉയരത്തിലാണ്. ഇന്ത്യ 2008ലാണ് റോഡ് നിര്‍മാണം ആരംഭിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ റോഡ് ഉദ്ഘാടനം ചെയ്തത്. റോഡ് സ്ഥിതി ചെയ്യുന്നത് ഇന്ത്യന്‍ ഭൂപ്രദേശത്താണെന്ന് നേപാളിെന്റ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചു.
”ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്ത റോഡ് പൂര്‍ണമായും ഇന്ത്യന്‍ ഭൂപ്രദേശത്തിനകത്താണ്. നേരത്തേ തീര്‍ഥാടകര്‍ കൈലാസ് മാനസരോവര്‍ യാത്രക്കായി ഉപയോഗിച്ചിരുന്ന വഴി പിന്തുടര്‍ന്നാണ് റോഡ് നിര്‍മിച്ചത്. തീര്‍ഥാടകര്‍ക്കും നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം സുഖപ്രദമായ തരത്തിലാണ് ഇപ്പോഴത്തെ പദ്ധതിക്ക് കീഴില്‍ റോഡ് നിര്‍മിച്ചിരിക്കുന്നത്.” -വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നേപാളുമായി സൗഹാര്‍ദപൂര്‍വമായ ഉഭയകക്ഷി ബന്ധത്തിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.