ഗുവാഹത്തി: ആരോഗ്യ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും, അക്രമിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാന്‍ അസം സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രയാസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കാനാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ പറഞ്ഞു. പരമാവധി സംയമയം പാലിച്ചത് പലരും അവസരമാക്കുന്നതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ കേന്ദ്രങ്ങളില്‍ രോഗികള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയ സംഭവങ്ങളാണ് പുതിയ തീരുമാനത്തിലേക്ക് എത്തിച്ചത്. സൗകര്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ രോഗികള്‍ക്ക് തന്നെ നേരിട്ടറിയിക്കാം. അല്ലാതെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രശ്നമുണ്ടാക്കിയാല്‍ ഒരു ഔദാര്യവും കാട്ടില്ലെന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. അറസ്റ്റ് ചെയ്യുന്നതില്‍ ഒരു മടിയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ അക്രമത്തിന് ഇരയായിട്ടുണ്ട്.