ചെന്നൈ: മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് എഐഎഡിഎംകെയ്ക്ക് മുന്നറിയിപ്പുമായി നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. അധികാരത്തില്‍ തിരിച്ചുകയറുന്ന കാര്യം മറന്നേക്കൂ എന്നാണ് രജനിയുടെ മുന്നറിയിപ്പ്. വരുമാനമുണ്ടാക്കാനുള്ള ഇതര മാര്‍ഗങ്ങള്‍ നടപ്പാക്കാനും രജനീകാന്ത് ട്വീറ്റില്‍ പറയുന്നു. ഈ സമയത്ത് സംസ്ഥാനം ടാസ്മാക് തുറക്കുകയാണെങ്കില്‍, ഇനി ഒരിക്കല്‍ കൂടി അധികാരത്തില്‍ വരാനുള്ള ആഗ്രഹം മറന്നേക്കൂ. ഖജനാവുകള്‍ നിറയ്ക്കാനുള്ള മറ്റ് മികച്ച മാര്‍ഗ്ഗങ്ങള്‍ ദയവായി കണ്ടെത്തുക,” രജനീകാന്ത് ട്വീറ്റ് ചെയ്തു.

ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്നതുവരെ സംസ്ഥാനത്തെ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ചില്ലറ മദ്യവില്‍പ്പന ശാലകളും അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശനിയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ മദ്യവില്‍പ്പന വിഭാഗമായ തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷനാണ് (ടാസ്മാക്) സുപ്രീംകോടതിയെ സമീപിച്ചത്.

മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ ജനക്കൂട്ടമുണ്ടാകുന്നു എനന്നും ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

എന്നാല്‍ ഓണ്‍ലൈന്‍ വഴി മദ്യം വീടുകളിലെത്തിക്കാന്‍ കോടതി അനുവദിച്ചു. തമിഴ്‌നാട് സര്‍ക്കാര്‍ ശനിയാഴ്ച നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഉത്തരവിനെ “ജുഡീഷ്യല്‍ ഓവര്‍റീച്ച്‌” എന്ന് വിശേഷിപ്പിക്കുകയും ഓണ്‍‌ലൈന്‍ വില്‍പ്പനയും മദ്യം വീട്ടില്‍ എത്തിക്കുകയും ചെയ്യുന്നത് സംസ്ഥാനത്ത് മുഴുവന്‍ സാധ്യമല്ലെന്ന് പറയുകയും ചെയ്തു.

എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെന്നൈയിലും കണ്ടെയ്നര്‍ സോണിലുമൊഴികെ സംസ്ഥാനത്തൊട്ടാകെയുള്ള മദ്യവില്‍പ്പന ശാലകള്‍ 43 ദിവസത്തിനുശേഷം മേയ് ഏഴിനാണ് തുറന്നത്. അന്ന് 170 കോടി രൂപയുടെ 20 ലക്ഷം ലിറ്റര്‍ മദ്യം വിറ്റു.