കഴിഞ്ഞ വർഷം തിയേറ്ററുകളിൽ എത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. സൗബിൻ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തെലുങ്കിലേക്കും മൊഴിമാറ്റിയിരിക്കുകയാണ്. ഇപ്പോഴിതാ തെലുങ്ക് മൊഴിമാറ്റ പതിപ്പിന്റെ ട്രെയ്‌ലറും പുറത്തെത്തി. ‘ആന്‍ഡ്രോയ്ഡ് കട്ടപ്പ വേര്‍ഷന്‍ 5.25’ എന്നാണ് തെലുങ്ക് പതിപ്പിന്റെ പേര്.
ഒടിടി പ്ലാറ്റ്‌ഫോമായ അഹ വീഡിയോയിലൂടെയായിരിക്കും തെലുങ്ക് മൊഴുമാറ്റ പതിപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഈ മാസം ഒൻപതിന് ചിത്രം റിലീസ് ചെയ്യും. അടുത്തിടെ ഫോറന്‍സിക്, ട്രാന്‍സ് തുടങ്ങിയ മലയാളം ചിത്രങ്ങളും തെലുങ്കിലേക്ക് മൊഴിമാറ്റി അഹ വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തിരുന്നു.
ഒരു റോബോട്ടും മുതിർന്ന മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം പറയുന്നത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡായിരുന്നു പ്രധാന ആകര്‍ഷണം. സൂരജ് തേലക്കാടനാണ് സിനിമയിൽ കുഞ്ഞപ്പനെ അവതരിപ്പിച്ചത്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിച്ചത്.
അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. മലയാളത്തിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം തെലുങ്കിലും പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.