വയനാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വെള്ളിയാഴ്ച ഉച്ചവരെ ജില്ലയിലേക്ക് പ്രവേശിച്ചത് 5687 പേര്. 3699 പുരുഷന്മാരും 1215 സ്ത്രീകളും 398 കുട്ടികളുമാണ് ജില്ലയിലെത്തിയത്. 2365 വാഹനങ്ങള്‍ കടത്തിവിട്ടു. 429 പേരെ ജില്ലയില്‍ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
മെയ് നാലിനാണ് മുത്തങ്ങ വഴി ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. അന്നുമാത്രം 161 പേര് എത്തി. ഇതില്‍ 112 പുരുഷന്മാരും 40 സ്ത്രീകളും ഒമ്ബതു കുട്ടികളുമാണ് ഉണ്ടായിരുന്നത്. 68 വാഹനങ്ങളും സംസ്ഥാനാതിര്‍ത്തി കടന്നു. മെയ് അഞ്ചിന് 545 പേരെത്തി. 412പുരുഷന്മാരും 99 സ്ത്രീകളും 34 കുട്ടികളുമായിരുന്നു. 224 വാഹനങ്ങളും പ്രവേശിച്ചു. മെയ് ആറിന് എത്തിയ 656 പേരില്‍ 496 പുരുഷന്മാരും 122 സ്ത്രീകളും 38 കുട്ടികളുമാണുണ്ടായിരുന്നത്. 267 വാഹനങ്ങളാണ് അന്നെത്തിയത്.
മെയ് ഏഴിന് 703 പേരും 271 വാഹനങ്ങളും വാഹനങ്ങളും ജില്ലയില്‍ പ്രവേശിച്ചു. 471 പുരുഷന്മാര് 188 സ്ത്രീകള്‍ 47 കുട്ടികളാണ് അന്നെത്തിയത്.
മെയ് എട്ടിന് 549 പേര്, ഒമ്ബതിന് 488 പേര്, 10 ന് 448 പേര്, 11 ന് 396 പേര്, 12 ന് 490 പേര്, 13 ന് 535 പേര്, 14 ന് 565 പേര് എന്നിങ്ങനെയാണ് പിന്നീടുളള ദിവസങ്ങളിലെ വരവ്.
ആദ്യ ദിവസങ്ങളില്‍ അതിര്‍ത്തി വഴി 400 പേരെ കടത്തിവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അനുവദനീയമായ പാസ് ഇല്ലാതിരുന്നിട്ടു പോലും ആളുകള്‍ എത്തിക്കൊണ്ടിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
ആനകള്‍ ഇറങ്ങുന്ന പ്രദേശത്ത് ആളുകള്‍ തങ്ങുന്നത് അപകടകരമാണെന്ന് മനസ്സിലാക്കി, ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പുലര്‍ച്ചെ മൂന്നുമണി വരെ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. ഇങ്ങനെ പ്രവേശിക്കുന്നവരെ ക്വാറന്റീനില്‍ കഴിയുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
മെയ് 13 മുതല്‍ പ്രവേശന കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കുകയും ദിനംപ്രതി ആയിരം പേരെ കടത്തിവിടുന്നതിനുളള ഒരുക്കങ്ങള്‍ ജില്ല ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെ 41 പേരും റവന്യൂ വകുപ്പിലെ 32 ജീവനക്കാരുമാണ് ചെക്ക്പോസ്റ്റിലെ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ജോലി ചെയ്യുന്നത്.