കോഴിക്കോട്: ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ കൈമാറുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. അഞ്ചുവര്‍ഷത്തെ നിക്ഷേപ കരാര്‍ വിവരങ്ങളാണ് ഇഡിക്ക് കൈമാറുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ചുവടുപിടിച്ചാണ് അന്വേഷണം.
സൊസൈറ്റിയുടെ എല്ലാ പ്രവര്‍ത്തനവും സുതാര്യവും നിയമാനുസൃതവുമാണെന്ന് ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ സൊസൈറ്റി അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അത് ഏറ്റെടുക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ചെയ്യാന്‍ അത്യാവശ്യം വേണ്ട യന്ത്രോപകരണങ്ങളും വാഹനങ്ങളും സ്വന്തമായുണ്ട്. എന്നാല്‍, പലപ്പോഴും ഒരേസമയം ധാരാളം പണികള്‍ ചെയ്യേണ്ടിവരുമ്ബോള്‍ അപ്പോഴത്തെ അധിക ആവശ്യത്തിനനുസരിച്ച് യന്ത്രങ്ങളും വാഹനങ്ങളും വാടകയ്ക്ക് എടുക്കാറുണ്ട്. പ്രോജക്ടിന്റെ സ്വഭാവം അനുസരിച്ചു വേണ്ട വാഹനങ്ങളും യന്ത്രങ്ങളും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും കരാറടിസ്ഥാനത്തില്‍ എടുക്കുകയാണു രീതി.
പ്രവര്‍ത്തനമേഖല കേരളം മുഴുവനായി വ്യാപിപ്പിച്ച ശേഷം നിര്‍മാണം നടക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിക്കുകയും അവ തമ്മിലുള്ള അകലം കൂടുതലായിരിക്കുകയും ചെയ്തതോടെ ഇപ്രകാരം എടുക്കേണ്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഒരേസമയം മുന്നൂറും നാനൂറും നിര്‍മാണ പ്രോജക്ടുകള്‍ സൊസൈറ്റി ചെയ്യുന്നുണ്ട്. നിലവില്‍ ഇത്തരത്തില്‍ 387 വാഹനങ്ങളും നിര്‍മാണയന്ത്രങ്ങളും വാടകയ്ക്ക് ഉപയോഗിച്ചു വരികയാണ്. വാര്‍ഷിക പദ്ധതിപൂര്‍ത്തീകരണത്തിന്റെ സമയമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇതിന്റെ എണ്ണം വളരെ കൂടും.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എണ്ണൂറോളം യന്ത്രങ്ങളും വാഹനങ്ങളുമാണ് സൊസൈറ്റി വാടകയ്ക്ക് എടുത്തത്. ഇത് വളരെ സ്വാഭാവികമായ കാര്യം മാത്രമാണ്. ഇതെല്ലാം കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് എടുത്തിട്ടുള്ളത്. ഇതിനെല്ലാം സൊസൈറ്റിയുടെ കൃത്യമായ മാനദണ്ഡങ്ങളും നിരക്കുകളും ഉണ്ട്. എല്ലാറ്റിന്റെയും വാടക നല്‍കുന്നതും നികുതിനിയമങ്ങള്‍ അടക്കമുള്ള എല്ലാ നിയമങ്ങളും പാലിച്ച് ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ മാസം 30 നാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇഡി ഉദ്യോഗസ്ഥര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ പരിശോധന നടത്തിയിരുന്നു. വടകരയിലെ സൊസൈറ്റി ഓഫീസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.