മുംബൈ: മുംബൈയിലെ കെഇഎം ആശുപത്രിയിലെ കോറോണ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന് രോഗം ബാധിച്ചു മരിച്ചതില്‍ വ്യാപക പ്രതിഷേധം. ആരോഗ്യസ്ഥിതി മോശമായിട്ടും ലീവ് അനുവദിക്കാതെ ജോലി ചെയ്യിച്ചു, കോവിഡ് പരിശോധന നടത്തിയില്ല എന്നതുള്‍പ്പെടെയുള്ള ഗുരുതമായ ആരോപണങ്ങളാണ് ആശുപത്രി അധികൃതര്‍ക്കെതിരേ ഉയരുന്നത്.
നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരന്റെ കുടുംബത്തിന് ജോലിയും സാമ്ബത്തിക സഹായവും നല്‍കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നതിന് ശേഷമേ ജീവനക്കാരനു കോവിഡ് ബാധിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് കെഇഎം. ഇവിടെ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ആളാണ് മരിച്ചത്. ജീവനക്കാരന് മരിച്ചതില്‍ കോര്പറേഷന് അംഗങ്ങള്‍ ചൊവ്വാഴ്ച അനുശോചനയോഗം സംഘടിപ്പിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 32,700ലേറെ പേര്‍ക്കാണ് മുംബൈയില്‍ രോഗം ബാധിച്ചത്. തിങ്കളാഴ്ച മുംബൈയില്‍ മാത്രം മരണസംഖ്യ ആയിരം കടന്നിരുന്നു. ആശുപത്രികളില്‍ രോഗികള്‍ വര്‍ധിക്കുന്നതും ജീവനക്കാരുടെ കുറവും വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.