മുംബൈ: ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്ന നിലപാട് മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയിലേയ്ക്ക് 25 വിമാനങ്ങള്‍ അനുവദിക്കുമെന്നു മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്ക് അറിയിച്ചു.
സര്‍വീസുകള്‍ പിന്നീട് വര്‍ധിപ്പിക്കുമെന്നു വ്യക്തമാക്കിയ മാലിക്ക്, സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെ പ്രഖ്യാപനത്തിനു പിന്നാലെ പ്രഖ്യാപനം എന്ന നിലയിലാണ് മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇപ്പോള്‍ വിമാന സര്‍വീസുകള്‍ അനുവദിക്കാനാവില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഞായറാഴ്ച ഉച്ചയ്ക്കു പറഞ്ഞിരുന്നു. മേയ് മുപ്പത്തൊന്നിനുശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന സൂചനയും അദ്ദേഹം നല്കി.
താന്‍ വ്യോമയാന മന്ത്രിയുമായി സംസാരിച്ചിരുന്നു. വ്യോമഗതാഗതം ആരംഭിക്കേണ്ടതിന്റെ ആവശ്യകത തനിക്കു മനസിലാകും. എന്നാല്‍ തയാറെടുപ്പിന് കൂടുതല്‍ സമയം ആവശ്യമാണ്. നിലവില്‍ പ്രത്യേക വിമാനങ്ങള്‍ മാത്രമേ അനുവദിക്കൂ. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഏറെ തയാറെടുപ്പുകള്‍ വേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. 47190 പേര്‍ക്കാണ് ശനിയാഴ്ച വരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചു. 1577 പേരാണ് ഒരു സംസ്ഥാനത്തുമാത്രം മരിച്ചിരിക്കുന്നത്.