ന്യൂയോർക്ക് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിനായി പുതുക്കി പണിത ആസ്ഥാന മന്ദിരത്തിന്റെ കൂദാശ കർമ്മം മേയ് 22ന് ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പ. ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ നിർവഹിച്ചു. രാവിലെ 10.30ന് ഭദ്രാസനാസ്ഥാനത്ത് എത്തിച്ചേർന്ന പരിശുദ്ധ ബാവായ്ക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ ഇതര സഭാ മേലധ്യക്ഷന്മാർ, ബഹുമാനപ്പെട്ട വൈദീക ശ്രേഷ്ഠർ, സാമൂഹിക സാംസ്കാരിക മേഖലയിലെ സമുന്നത വ്യക്തികൾ, വിശ്വാസ സമൂഹം എന്നിവർ ചേർന്ന് രാജോചിതമായ സ്വീകരണമാണ് ഒരുക്കിയത്. നാടമുറിച്ച് ഔദ്യോഗിക കൂദാശ കർമ്മം നിർവഹിച്ചശേഷം, പ. ബാവായുടെ പ്രധാന കാർമ്മികത്വത്തിലും ഇതര സഭാ മേലധ്യക്ഷന്മാരുടേയും, അനേകം വൈദീകരുടേയും സഹകാർമ്മികത്വത്തിലും, കെട്ടിട കൂദാശ കർമ്മവും നടത്തി.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, ഭദ്രാസന സെക്രട്ടറി റവ. ഫാ. പോൾ തോട്ടക്കാട്ട് സ്വാഗതമാശംസിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സംരംഭം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുവാൻ നമുക്ക് സാദ്ധ്യമായത്, ഏവരുടേയും കൂട്ടായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണെന്ന് അച്ചൻ തന്റെ സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ്, യോഗത്തിൽ അധ്യക്ഷം വഹിച്ചു.

ഭദ്രാസനത്തിന്റെ ചിരകാല സ്വപ്ന സാക്ഷാത്ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി പ്രാവർത്തികമാക്കുവാൻ ഇടയാക്കിയ ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം തന്നെ, ഇതിന്റെ വിജയത്തിനായി ആത്മാർഥമായി സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ഏവരേയും ഏറെ നന്ദിയോടെ സ്മരിക്കുന്നതായും അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു. അതിഭദ്രാസനത്തിന്റെ വളർച്ചയിലും തളർച്ചയിലും നമ്മോടൊപ്പം നിന്ന്, നമുക്ക് എന്നെന്നും പ്രചോദനം നൽകുന്ന പ. ബാവാ തിരുമേനിയോട് ഈ ഭദ്രാസനം ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അഭിവന്ദ്യ തിരുമേനി ഓർമ്മിപ്പിച്ചു.

ഉദ്ഘാടന പ്രസംഗം നടത്തിയ പ. പാത്രിയർക്കീസ് ബാവാ തിരുമനസ്സുകൊണ്ട് അമേരിക്കൻ അതിഭദ്രാസനത്തിന്റെ അനുദിന വളർച്ചയിൽ താൻ ഏറെ സന്തുഷ്ടനാണെന്നും ആകമാന സുറിയാനി സഭക്ക് തന്നെ ഈ ഭദ്രാസനം ഏറെ അഭിമാനമാണെന്നും സൂചിപ്പിക്കുകയുണ്ടായി. പുതിയതായി കൂദാശ ചെയ്യപ്പെട്ട ഈ ആസ്ഥാന മന്ദിരം അമേരിക്കയിലെ തന്നെ എല്ലാ ക്രൈസ്തവ സഭാംഗങ്ങളുടേയും ഒരു സംഗമ വേദിയായി തീരട്ടെയെന്ന് ആശംസിക്കുന്നതായും പ. ബാവ അറിയിച്ചു.

ഓൾഡ് ടാപ്പൻ ടൗൺഷിപ്പ് മേയർ, ജോൺ ക്രേമർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പള്ളി ഗായകസംഘം ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ബോബി കുര്യാക്കോസ് എംസിയായി പ്രവർത്തിച്ചു. ഭദ്രാസന ട്രഷറർ പി. ഒ. ജേക്കബ് നന്ദി രേഖപ്പെടുത്തി.