തിരുവനന്തപുരം : വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു . ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത് . മാതൃകാപരമായ പ്രവര്‍ത്തനമാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ കാഴ്ച വച്ചതെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .
ആരോഗ്യ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ……
‘കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്‌സ് ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ആഷിഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.ആദരാഞ്ജലികള്‍.’
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം . ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയ്ക്ക് പിന്നില്‍ നിയന്ത്രണം വിട്ട് കയറി ഇടിക്കുകയായിരുന്നു . ഉടന്‍ തന്നെ ആഷിഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 ദിവസത്തെ ശമ്ബളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു ആഷിഫ്.