മനാമ: പിറന്ന മണ്ണിലേക്ക് ആശ്വാസതീരം തേടി ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി കേരളത്തിലേക്ക് വരുന്ന ആദ്യ വിമാനം പുറപ്പെട്ടു. ബഹ്‌റൈന്‍ സമയം വൈകിട്ട് 4.30 ന് പുറപ്പെടുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അര മണിക്കൂര്‍ വൈകി 5 മണിക്കാണ് വിമാനം പുറപ്പെട്ടത്.

കൊച്ചിയിലേക്കുളള വിമാനത്തില്‍ 177 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. അഞ്ച് ശിശുക്കളും വിമാനത്തിലുണ്ട്. നാല് മണിക്കൂര്‍ മുമ്ബ് തന്നെ യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച്‌ ശരീര താപം പരിശോധിച്ച ശേഷമാണ് വിമാനത്താവളം അധികൃതര്‍ യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിച്ചത്. വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല. രാത്രി 11.30 ന് കൊച്ചിയിലെത്തും.

എംബസി തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചിട്ടുളളത്. വിസ തീര്‍ന്നവര്‍ ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, തുടങ്ങിയവര്‍ക്കാണ് തിരിച്ചു പോകാന്‍ അവസരം നല്‍കിയിട്ടുളളത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ദമ്മാമില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു വരുന്നതിന് മുമ്ബ് നാട്ടിലെത്തണമെന്നാഗ്രഹവുമായി പത്തനം തിട്ട സ്വദേശി ലത തോമസും ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ട്.എന്നറിയുന്നു.

വിമാനത്തിലെ പുറകിലുളള മൂന്ന് നിരയൊഴിച്ചിട്ടിരിക്കുകയാണ് ബാക്കിയെല്ലാ സീറ്റിലും യാത്രക്കാരുണ്ട്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റിയിരുത്താനാണ് പിന്‍ഭാഗത്തെ ഒമ്ബത് സീറ്റുകള്‍ ഒഴിച്ചിട്ടിട്ടുളളത്. ബഹ്‌റൈനില്‍ നിന്നുളള രണ്ടാമത്തെ വിമാനം തിങ്കളാഴ്ച കോഴിക്കോട്ടേക്കാണ്.സര്‍വീസ് നടത്തുക. അതിനിടെ സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം റിയാദില്‍ നിന്ന് കരിപൂരിലെത്തി.