തിരുവനന്തപുരം- പബ്ളിക്ക് ഹെല്‍ത്ത് നഴ്സ് മുതല്‍ ടെക് നിക്കല്‍ അസിസ്റ്റന്റ് വരെ ആരോഗ്യവകുപ്പിലെ വിവിധ തസ്തികകളിലെ റിട്ടയര്‍മെന്റ് ഒഴിവുകള്‍ നികത്താന്‍ നടപടിയില്ലാത്തത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുന്നു. നാടാകെ ഭീതിയിലായ കൊവിഡ് മഹാമാരിക്കും മഴക്കാല രോഗങ്ങള്‍ക്കുമെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ജീവനക്കാരുടെ ഒഴിവുകളാണ് നികത്തപ്പെടാത്തത്. ഇക്കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ മെയ് 31 വരെ മൂവായിരത്തോളം ജീവനക്കാരാണ് ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാതലങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന മാസ് മീഡിയ ഓഫീസര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, മലേറിയ ഓഫീസര്‍, താഴെത്തട്ടിലെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിലാണ് മൂവായിരത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനുള്ളത്. ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്ബോള്‍ വിരമിച്ചവര്‍ക്ക് പകരം അഡ്‌ഹോക് നിയമനം നല്‍കി ഉത്തരവിറങ്ങാത്തത് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഓഫീസുകളില്‍

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1,​ ഗ്രേഡ് 2 തസ്തികകളില്‍ 18 ഒഴിവുകള്‍ നിലവിലുണ്ട്.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സ്ഥാനക്കയറ്റ തസ്തികകളാണ് ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റേതും മാസ് മീഡിയ ഓഫീസര്‍മാരുടേതും. ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ജീവനക്കാരാണിവര്‍. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയില്‍നിന്ന് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നിലച്ചിട്ട് നാലു വര്‍ഷമായതായി ആരോഗ്യവകുപ്പ് ജീവനക്കാ‌ര്‍ ചൂണ്ടിക്കാട്ടുന്നു.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയില്‍ 12 ഒഴിവും ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് തസ്തികയില്‍ അഞ്ച്‌ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. നാല് ജില്ലകളില്‍ മാസ് മീഡിയ ഓഫീസര്‍മാരുടെ ഒഴിവും നികത്തിയിട്ടില്ല. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപിപ്പിക്കുന്നതിനോടൊപ്പം മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതടക്കമുള്ള ചുമതലയാണ് മാസ് മീഡിയ ഓഫീസര്‍മാര്‍ക്കുള്ളത്. ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നുണ്ടെങ്കിലും പുതുതായി എത്തുന്നവരുടെ പരിചയക്കുറവ് കൊവിഡ് പോലുള്ള സാഹചര്യങ്ങളില്‍ പ്രതിസന്ധിയായിരിക്കുകയാണ്. വിരമിച്ച ജീവനക്കാ‌ര്‍ ജോലിക്ക് സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാനുള്ള നടപടികളും ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍നിന്നുണ്ടാകുന്നില്ല. കാലവര്‍‌ഷം ശക്തമാകുകയും മഴക്കാല രോഗങ്ങള്‍ പടര്‍‌ന്ന് പിടിക്കുകയും ചെയ്യുന്നതിന് മുമ്ബ് നിയമനത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.