ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മറാഠി ചിത്രം ചോര്‍ന്നു. മുംബൈ മലയാളികള്‍ ചേര്‍ന്നൊരുക്കിയ സിനിമയാണ് റിലീസ് ചെയ്തതിന് പുറകെ ചോര്‍ന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍ ലഭ്യമായതോടെ ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുവാന്‍ തുടങ്ങി.
ഫെബ്രുവരിയില്‍ തീയേറ്റര്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കണ്ണൂര്‍ സ്വദേശിയായ സംവിധായകന് സിജോ റോക്കി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തോടെ പ്രദര്‍ശനം നിര്‍ത്തുകയായിരുന്നു. രോഗ വ്യാപനം നില നില്ക്കുന്ന സാഹചര്യത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
എന്നാല്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറങ്ങിയെന്നാണ് സിജോ റോക്കി നിരാശ പങ്ക് വച്ചത്. നിരവധി പേരുടെ കഷ്ടപ്പാടുകള്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന വ്യാജ പതിപ്പുകള്‍ സിനിമാ മേഖലയെ തന്നെ തകര്‍ക്കുന്ന നിലയിലേക്കാണ് പോകുന്നതെന്നും ഇതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും സിജോ പറഞ്ഞു.



