ഡല്‍ഹി : ആധാര്‍ നിയമവിധേയമാക്കിയ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ചേംബറിലാണു ഹര്‍ജികള്‍ പരിഗണിക്കുക. സ്വകാര്യത അവകാശം ഉറപ്പാക്കണം എന്നതടക്കുമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവെച്ചായിരുന്നു ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

എന്നാല്‍ ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും മാത്രമല്ല പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ, ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ ശ്യാം ദിവാന്‍, വിപിന്‍ നായര്‍ എന്നിവര്‍ കോടതിയെ സമീപിച്ചു. ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജി അടക്കം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ക്കു വാദം അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാണ് ആവശ്യം. ആധാര്‍ ഭരണഘടനാ വിരുദ്ധമല്ലെങ്കിലും സര്‍ക്കാര്‍ സബ്സിഡി, സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ മാത്രമേ അതു നിര്‍ബന്ധമാക്കാവൂ എന്നായിരുന്നു 2018 സെപ്റ്റംബര്‍ 26ലെ വിധി.

ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ കണക്‌ഷന്‍, പ്രവേശന പരീക്ഷകള്‍, പെന്‍ഷന്‍, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നമ്ബര്‍ വേണ്ടെന്നും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കണമെന്നും ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിരുന്നു.