സംസ്ഥാനത്തെ ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ആറു മാസം നീണ്ട മെഗാ വാക്സിനേഷന്‍ യജ്ഞത്തിനൊടുവിലാണ് ജില്ലയുടെ സുപ്രധാന നേട്ടം.

പ്രധാന ടൂറിസം ജില്ലയായ വയനാട്ടിലെ മുഴുവന്‍ പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കി ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നടത്തിയ നിരന്തര പരിശ്രമങ്ങളാണ് ഒടുവില്‍ വിജയം കണ്ടത്. 18 വയസ്സിന് മുകളില്‍ പ്രായമുള്ള 6,51,967 പേരില്‍ 6,15,729 പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ സ്വീകരിക്കാന്‍ പാടില്ലാത്ത ഗുരുതര രോഗമുള്ളവര്‍, ക്വാറന്‍റൈനിലുള്ളവര്‍, മൂന്ന് മാസത്തിനിടെ കോവിഡ് വന്ന് പോയവര്‍, കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ക്ലസ്റ്ററുകളിലുമായതിനാല്‍ വാക്സിനെടുക്കാന്‍ കഴിയാതിരുന്നവര്‍ തുടങ്ങിയവരൊഴികെയുള്ള മുഴുവന്‍ പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ മൊബൈല്‍ വാക്സിനേഷന്‍ യജ്ഞങ്ങളും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പല സമയങ്ങളിലായി നടത്തിയ വാക്സിനേഷന്‍ മെഗാ ഡ്രൈവും നേട്ടത്തില്‍ പ്രധാന പങ്കുവഹിച്ചു. മാര്‍ച്ച്‌ മിഷന്‍, മോപ്പപ്പ് മെയ്, ഗോത്ര രക്ഷാ ജൂണ്‍ തുടങ്ങിയ മിഷനുകള്‍ ഓരോ മാസത്തിലും സംഘടിപ്പിച്ചാണ് സുപ്രധാന നേട്ടത്തിലേക്ക് ജില്ല നടന്നടുത്തത്. സംസ്ഥാനത്ത് ആദ്യമായി 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിനേഷന്‍ നടത്തിയ ജില്ലയെന്ന ബഹുമതിയും നേരത്തെ കാസര്‍കോട് ജില്ലക്കൊപ്പം വയനാട് പങ്കിട്ടിരുന്നു.