കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാന്‍ ആദ്യ ആഴ്ചയില്‍ 64 വിമാനങ്ങള്‍ സര്‍വീസ് നടത്തും. കേരളത്തിലേക്ക് നാല് വിമാനങ്ങളാണ്. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തും. ദുബായ് വിമാനം കോഴിക്കോട്ടേക്കും എത്തിച്ചേരും. ആദ്യ ദിവസം കേരളത്തിലെത്തുന്നത് 800 പ്രവാസികളാണ്. ഒരാഴ്ചയില്‍ രാജ്യത്ത് മടങ്ങിയെത്തുന്നത് 14,850 പ്രവാസികള്‍. 11 വിമാനങ്ങള്‍ വീതം തമിഴ്നാട്ടിലേക്കും ഡല്‍ഹിയിലേക്കും എത്തും. ഒരാഴ്ചയില്‍ കേരളത്തിലെത്തുക 2250 പ്രവാസികള്‍.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ഓരോ വിമാനത്തിലും ഏകദേശം 200 യാത്രക്കാരെ വീതവും അമേരിക്കയില്‍ നിന്നുള്ള വിമാനത്തില്‍ 300 പേരെയും മറ്റിടങ്ങളില്‍ നിന്ന് 250 പേരെ വീതവും എത്തിക്കാനാണ് പദ്ധതി. ആദ്യ ദിവസം 2300 പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.
വിദേശത്ത് നിന്ന് പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിനുള്ള വിമാന സര്‍വീസ് ഷെഡ്യൂള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നായി 14800 ആളുകളെയാണ് ഈ വിമാനങ്ങളില്‍ ഇന്ത്യയില്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തിക്കുക.