വിപണിയില്‍ ഇറങ്ങിയ ഉടന്‍ തന്നെ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കാക്കിയിരിക്കുകയാണ് പ്രശസ്ത സിനിമാ താരം സുരേഷ് ഗോപിയുടെ മകനും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന യുവ താരവുമായ ഗോകുല്‍ സുരേഷ്. ഏറെ പുതുമകളുളള മഹീന്ദ്രയുടെ ഥാര്‍ വിപണിയിലെത്തിയിലെത്തുമ്പോള്‍ തന്നെ സ്വന്തമാക്കാനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ വിപണിയില്‍ അവതരിപ്പിച്ച ദിവസം തന്നെ
തന്റെ ഇഷ്ട വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോകുല്‍ സുരേഷ്. തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പായ എസ്.എസ് മഹീന്ദ്രയില്‍ നിന്നും ജില്ലയിലെ മഹീന്ദ്ര ഥാറിന്റെ അവതരണത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ആദ്യ യൂണിറ്റ് ഗോകുല്‍ സുരേഷിന് കൈമാറിയത്.

മഹീന്ദ്ര ഥാറിന്റെ ഏറ്റവും മികച്ച മോഡല്‍ തന്നെയാണ് യുവ താരം സ്വന്തമാക്കിയിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്ത് വാങ്ങിക്കണമെന്ന് ഏറെ ആഗ്രഹിച്ച വാഹനമായിരുന്നു മഹീന്ദ്ര ഥാര്‍. തന്റെ ആഗ്രഹം അച്ഛനോട് പറഞ്ഞിരുന്നെങ്കിലും അന്ന് അദ്ദേഹം അത് വാങ്ങിച്ചു തന്നില്ല. എന്നാല്‍ ഇന്ന് അച്ഛന്റെ തന്നെ സമ്മാനമായി ലഭിക്കുമ്പോഴാണ് താന്‍ സ്വന്തമായി ഇത് വാങ്ങിക്കുന്നതിലും സന്തോഷമെന്ന് വാഹനം ഏറ്റുവാങ്ങിയതിനു ശേഷം ഗോകുല്‍ സുരേഷ് പറഞ്ഞു. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ഥാറിന്റെ എക്‌സ്‌ഷോറും വില.

പുതിയ മഹീന്ദ്ര ഥാറില്‍ വ്യത്യസ്തമായ എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ സാധ്യതകളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി മാനുവല്‍ ഓട്ടോമാറ്റിക് നാലു വീല്‍ ഡ്രൈവ് മോഡലുകളാണുളളത്. പെട്രോള്‍ എന്‍ജിനില്‍ 150 ബിഎച്ച്പി പവറും, 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിനില്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. കഴിഞ്ഞമാസം 29 ന് ഗോകുല്‍ സുരേഷിന്റെ പിറന്നാളായിരുന്നു. അതിനോടനുബന്ധിച്ചാണ് ഈ സമ്മാനമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.