ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ലോക്ഡൗണ്‍ മാ‌ര്‍ഗ്ഗ നിര്‍ദ്ദേശം പാലിച്ച്‌ മദ്യശാലകള്‍ തുറക്കാം എന്നുള്ള കേന്ദ്ര അനുമതിയെ തുടര്‍ന്ന് കേരളത്തില്‍ ഒരുക്കങ്ങള്‍ സജീവമാകുകയാണ്. എന്നാല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അങ്ങനെ തുറന്ന മദ്യശാലകളില്‍ കാര്യങ്ങള്‍ അത്ര ശരിയായില്ല. ആളുകള്‍ സാമൂഹിക സുരക്ഷിതത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടമായെത്തിയതോടെ തുറന്ന ചില മദ്യഷോപ്പുകള്‍ അടക്കേണ്ടി വന്നു.

വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. മാര്‍ക്കറ്റിലോ, മാളുകളിലോ ഉളള മദ്യഷോപ്പുകള്‍ തുറക്കരുത്, അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ വരിയായി നില്‍ക്കരുത് ഇങ്ങനെ നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും കഷ്മീരി ഗേറ്റ്, നരേല എന്നിവിടങ്ങളില്‍ തിരക്കുകൂട്ടിയ ജനത്തെ പൊലീസിന് തുരത്തിയോടിക്കേണ്ടി വന്നു. 90ലേറെ കൊവിഡ് തീവ്രബാധിത മേഖലകളുള്ള ഡല്‍ഹിയില്‍ നൂറോളം മദ്യഷോപ്പുകളാണ് തുറന്നത്.

അതേ സമയം അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും മദ്യവില്‍പന ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയാകട്ടെ ഒരു തെരുവില്‍ അഞ്ച് കടകളാണ് തുറക്കാന്‍ അനുമതിയുള്ളത്. ഇതില്‍ മദ്യഷോപ്പുകളും ഉള്‍പ്പെടും.

ഛത്തീസ്ഗഢ്, രാജസ്ഥാന്‍,ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇന്നുമുതല്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ രാവിലെ 10 മുതല്‍ രാത്രി 7 വരെ മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതിയുണ്ട്. ലഖ്നൗവില്‍ മദ്യവില്‍പന ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ജനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. ഇവിടെ അധികൃതര്‍ നിരന്തരം സന്ദര്‍ശിച്ച്‌ ജനങ്ങള്‍ക്ക് വേണ്ട ബോധവല്‍ക്കരണം നടത്തി.

മധ്യപ്രദേശില്‍ കൊവിഡ് രൂക്ഷമായി ബാധിച്ച ഇന്‍ഡോര്‍,ഭോപാല്‍,ഉജ്ജയിന്‍ നഗരങ്ങളിലൊഴികെ മറ്റെല്ലായിടത്തും നാളെമുതല്‍ മദ്യവില്‍പന ആരംഭിക്കും. ആന്ധ്രയില്‍ 3500ഓളം മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറക്കും. ഇവിടെ മദ്യത്തിന് മദ്യനിരോധന നികുതി ഏര്‍പ്പെടുത്തി. പുതുച്ചേരിയില്‍ മദ്യവില്‍പന പുനരാരംഭിക്കാന്‍ തീരുമാനമെടുത്തിട്ടില്ല.

എന്നാല്‍ കര്‍ണ്ണാടകയില്‍ രാവിലെ 9 മുതല്‍ രാത്രി 7 മണിവരെ മദ്യവില്‍പന അനുവദിക്കും. മാസ്കും, സാമൂഹിക അകലവും പാലിക്കുന്നുണ്ടെന്ന് ഇവിടെ കര്‍ശനമായി നിരീക്ഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.