സ്ത്രീകൾക്കെതിരെ അശ്ലീല പ്രചാരണം നടത്തിയ ഡോ.വിജയ് പി നായർക്കെതിരെ പ്രതിഷേധം. ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
മലയാള സിനിമയിലെ ഡബിംഗ് ആർട്ടിസ്റ്റായ സ്ത്രീയെ കുറിച്ചായിരുന്നു വിജയ് പി നായരുടെ പരാമർശം. ഭാഗ്യലക്ഷ്മിയുടെ പേര് പറയാതെ പറഞ്ഞുകൊണ്ട് നടത്തിയ ഈ പരാമർശത്തിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിൽ നിന്ന് നടപടി ഉണ്ടാകാതിരുന്നതോടെയാണ് ഭാഗ്യലക്ഷ്മിയും ദിയാ സനയും ചേർന്ന് പ്രതിഷേധം അറിയിച്ചത്.
ദിയാ സനയാണ് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധത്തിന്റെ വിഡിയോ പുറത്തുവിട്ടത്. സ്ത്രീകൾക്കിവിടെ സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
വിജയ് പി നായരുടെ യൂട്യൂബ് ചാനലിൽ കടുത്ത സ്ത്രീ വിരുദ്ധതയും, സ്ത്രീകൾക്കെതിരായ അശ്ലീല പ്രചാരണവുമാണ്. ഈ വിഡിയോകളിലൊന്നിലാണ് മലയാള സിനിമയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റിനെ കുറിച്ചുള്ള പരാമർശവും.