മലപ്പുറം: അരീക്കോട് ദുരഭിമാനക്കൊലക്കേസില്‍ പ്രതിയും കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങല്‍ രാജനെ കോടതി വെറുതെ വിട്ടു. മഞ്ചേരി ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതേ വിട്ടത്.
2018 മാര്‍ച്ച് 21 നായിരുന്നു അരീക്കോട് പൂവത്തിക്കണ്ടി സ്വദേശിനിയായ ആതിര (21)യെ പിതാവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ആതിര കോഴിക്കോട് സ്വദേശിയും സൈനികനുമായ ദലിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പെണ്‍കുട്ടിയുടെ പിതാവിന് അംഗീകരിക്കാനാകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തെങ്കിലും അരീക്കോട് പൊലിസ് സ്റ്റേഷനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ബന്ധുക്കളുടെയും മധ്യസ്ഥരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ആതിരയെ പിതാവിന്റെ കൂടെ പറഞ്ഞയക്കുകയായിരുന്നു. പിന്നീട് യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു.
എന്നാല്‍ വിവാഹത്തലേന്ന് മദ്യപിച്ചെത്തിയ രാജന്‍ മകളുടെ വിവാഹവസ്ത്രമടക്കം കത്തിക്കുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ മകളെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.