ദുരിതം വിതച്ച കോവിഡ് മഹാമാരി കാലത്ത് പ്രവാസികളുടെ ജീവിതവും, കഷ്ടപ്പാടുകളും വരച്ചുകാട്ടുന്ന ഹോം സിനിമ ഒരുങ്ങുന്നു. “അരികിൽ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹോം സിനിമ ഈ മാസം 16ന് പ്രൈം ചാനൽ വഴി പ്രേക്ഷകർക്ക് മുന്നിലെത്തും. ഒരു പ്രവാസിയുടെയും അവരുടെ ജീവിതത്തിന്റെയും സംഘർഷഭരിതമായ സാഹചര്യങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. അരികിലിന്റെ ട്രെയ്‌ലർ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഫാറൂക്ക് അഹമ്മദലി സംവിധാനവും തിരകഥയും ചെയ്യുന്ന ചിത്രത്തിൽ മലയാള സിനിമയിലെ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്
റിയാസും, നീന കുറുപ്പുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ഈഗിൾ സിനിമാസിന്റെ ബാനറിൽ റിയാസ് കബീർ ആണ് ചിത്രം നിർമിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് കോവിഡ് അവബോധം സൃഷ്ടിക്കുന്ന ഒരു ഹോം സിനിമയാണിത്. നമ്മുടെ കുറച്ചുസമയത്തെ സന്തോഷത്തിനു വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാതെ ജീവിക്കണമെന്നും ഈ ചിത്രം വരച്ചുകാട്ടുന്നു.