ഡബ്ലിന്‍: അയര്‍ലൻഡില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 18 വരെ നീട്ടി.എങ്കിലും ഒട്ടറെമേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതായി രാഷ്ട്രത്തോടായി നടത്തിയ പ്രക്ഷേപണത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു. വീടിന് പുറത്ത് രണ്ട് കിലോ മീറ്റര്‍ വരെ അനുവദിച്ചിരുന്ന വ്യായാമങ്ങൾക്കായുള്ള യാത്രാ പരിധി മെയ് 5 മുതല്‍ അഞ്ചു കിലോമീറ്റര്‍ വരെയാക്കിയിട്ടുണ്ട്.

70 വയസ് കഴിഞ്ഞ വയോധികര്‍ക്ക് വീടിന് പുറത്തേയ്ക്ക് യാത്ര ചെയ്യാനുള്ള അനുമതി നല്‍കി. ഔട്ട് ഡോര്‍ വര്‍ക്കുകള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ വീണ്ടും ജോലിയ്ക്ക് പ്രവേശിക്കാനാവും.

എന്നാല്‍ സ്‌കൂളുകള്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ തുറക്കില്ല. സെപ്റ്റംബറില്‍ പുതിയ വര്‍ഷത്തിലേക്കാവും സ്‌കൂളുകള്‍ തുറക്കുക. മെയ് 18 മുതല്‍ ഗാര്‍ഡന്‍ സെന്ററുകള്‍, ഹാര്‍ഡ് വെയര്‍ സ്റ്റോറുകള്‍, റിപ്പയര്‍ ഷോപ്പുകള്‍ തുടങ്ങിയ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വീണ്ടും തുറക്കും

രണ്ടാം ഘട്ട വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഇപ്പോഴുംനിലനില്‍ക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.അയര്‍ലൻഡില്‍ കോവിഡ് -19 രോഗനിര്‍ണയം നടത്തിയ 34 പേര്‍ കൂടി മരിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു, 221 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 5,840 കേസുകള്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരിക്കുന്നു ഇതോടെ രാജ്യത്ത് 1,265 കോവിഡ് -19 മരണങ്ങളും , 20,833 കേസുകളും സ്ഥിരീകരിച്ചു.