കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശി രാധാമണിയുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രിയില്‍ വച്ച് അമ്മയുടെ അഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്കി.
ആഭരണങ്ങള്‍ നഷ്ടമായത് ചൂണ്ടിക്കാട്ടി മുമ്പ് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാധാമണിയുടെ മരണത്തെക്കുറിച്ചും ആഭരണങ്ങള്‍ നഷ്ടമായതിനെക്കുറിച്ചും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ജൂലായ് ഇരുപതിനാണ് പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധിതയല്ലെന്ന് പരിശോധനയിലൂടെ വ്യക്തമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞതോടെ രാധാമണിയുടെ നില ഗുരുതരമായി. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സുമായി എത്തിയപ്പോഴേക്ക് മരണം സംഭവിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈറസ് ബാധിതയായിരുന്നില്ലെങ്കിലും സംസ്കാരം കൊവിഡ് മാനദണ്ഡ പ്രകാരമാകണമെന്നായിരുന്നു അധികൃതരുടെ നിര്‍ദേശമെന്ന് മക്കള്‍ പറയുന്നു.