- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
മാതൃദേവോ ഭവഃ എന്നാണ് പൗരാണികമതം പറയുന്നത്. ആധുനിക കാലം അത് മദേഴ്‌സ് ഡേ എന്ന സംജ്ഞയിലേക്ക് മാറ്റി. അമ്മ എന്നത് വാത്സല്യത്തിന്റെ ഉത്തംഗശൃംഗമായി പക്ഷേ മാലോകരെല്ലാം വാഴ്ത്തി പാടുന്നു. അമ്മയ്ക്ക് പകരം അമ്മ മാത്രം.
സ്ത്രീ എന്ന പദത്തിന്റെ ഏറ്റവും മഹത്തായ പ്രതിരൂപമാണ് അമ്മ. പണ്ടുള്ളവര്‍ പറയും, അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയണമെന്ന്. ഇന്നും എന്നും മനുഷ്യന്‍ അങ്ങനെയാണ്, ഏതൊരാപത്തിലും ഏതൊരു വൈഷമ്യത്തിലും കരയുമ്പോള്‍ അമ്മേ- എന്നാണ് വിലപിക്കാറ്. അതാണ് നാഭീനാള ബന്ധത്തിന്റെ മഹത്വം. അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ലെന്നാണ് പറയുന്നത്. ശരിയാണ്, എല്ലാത്തിനും മാര്‍ഗ്ഗദര്‍ശി അമ്മയാണ്. അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളു എന്നു പറയുന്നതു ഇതു കൊണ്ടു തന്നെ.
സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട കണക്കനുസരിച്ച് സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തില്‍ ലോകത്തെ 79 അവികസിത രാജ്യങ്ങളില്‍ 75-ാമത് സ്ഥാനത്താണ് ഇന്ത്യ. ക്യൂബയാണ് ഒന്നാം സ്ഥാനത്ത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 68,000 സ്ത്രീകളാണ് ഒരു വര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്.
ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുമ്പു തന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോ ഗര്‍ഭ കാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവ സമയത്ത് ഡോക്ടര്‍, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍ പ്രത്യേക ചികിത്സ ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂര്‍, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളില്‍ അമ്മയ്ക്കും കുഞ്ഞിനും വൈദ്യ പരിശോധന ലഭ്യമാകുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
പറഞ്ഞുവന്നത് മാതൃത്വത്തിന്റെ സാമൂഹിക ആരോഗ്യതലത്തെക്കുറിച്ചാണ്. ഇന്ന്, ലോകത്തില്‍ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകള്‍ ഉണ്ട്. ശിശുക്കള്‍ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കില്‍ മാമ്മാ എന്നതിന്റെ വകഭേദങ്ങള്‍ ആയതിനാല്‍ മിക്ക പദങ്ങളും ഇതേ ശബ്ദത്തിലധിഷ്ഠിതമാണ്. അതു കൊണ്ടു തന്നെ ഓരോ മനുഷ്യനും അമ്മയെ അത്രമേല്‍ സ്‌നേഹിക്കുന്നു. ആ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഈ ദിനം മാറ്റിവെക്കുന്നു.
എല്ലാ വായനക്കാര്‍ക്കും സ്‌നേഹവും വാത്സല്യവും നിറഞ്ഞ മാതൃദിന ആശംസകള്‍…