- മനു തുരുത്തിക്കാടന്‍
ലോസ്ആഞ്ചലസ്: കേരളത്തിലെ കോവിഡ് വിവരശേഖരണത്തിന്റെ പേരില്‍ വിവാദത്തിലായ അമേരിക്കന്‍ ഐടി കമ്പനി ഉടമ രാജി തോമസ് പ്രമുഖരായ അമേരിക്കന്‍ മലയാളികളുടെ കണക്കിലെ ആദ്യ പത്തുസ്ഥാനക്കാരില്‍ ഒരാളാണ്. 2009 സെപ്റ്റംബറില്‍ ന്യൂജഴ്സിയിലെ വീട്ടില്‍ തുടക്കംകുറിച്ച സ്പ്രംഗ്ളര്‍ ഇന്നു ആയിരത്തിഅറുനൂറ് ജോലിക്കാരുമായി പതിനഞ്ച് രാജ്യങ്ങളില്‍ ഓഫീസും, നൂറുകണക്കിനു പ്രമുഖ അമേരിക്കന്‍ കമ്പനികളുമായി കരാറുമുണ്ട്.
രാജിയുടെ സ്കൂള്‍ പഠനം മറ്റം സെന്റ് ജോസഫിലായിരുന്നു. പോണ്ടിച്ചേരി എന്‍ജിനീയറിംഗ് കോളജില്‍ നിന്നു 1996-ല്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി. തുടര്‍ന്നു ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ ചേര്‍ന്നു. ഇരുപതു വര്‍ഷം മുമ്പ് അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്നു എംബിഎ നേടി, വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചശേഷമാണ് സ്വന്തമായി സ്പ്രംഗ്ളര്‍ കമ്പനിക്ക് തുടക്കംകുറിച്ചത്.
നവമാധ്യമ വിവരശേഖരണത്തിലും, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഇവ വിശകലനം ചെയ്ത് കമ്പനികളുടെ ആവശ്യത്തിനു വിനിയോഗിക്കുന്നതിലുമാണ് സ്പ്രംഗ്ളര്‍ ശ്രദ്ധവയ്ക്കുന്നത്. മാവേലിക്കര സ്വദേശിയായ രാജി തോമസിന്റെ പിതാവ് ബിഷപ്പ് മൂര്‍ കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. മാതാവ് മാവേലിക്കര ഹെഡ് പോസ്റ്റ്മിസ്ട്രസായി വിരമിച്ചു. കുടുംബവേരുകള്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ്.
രാജി തോമസ് ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം ന്യൂയോര്‍ക്കിലാണ് താമസം. വര്‍ഷത്തില്‍ പല പ്രാവശ്യം നാട്ടിലെത്താറുണ്ട്. മൂത്ത സഹോദരി ഡോ. ലിജി തോമസ് ലിവര്‍പൂളില്‍ സര്‍ജനാണ്. ഇളയ സഹോദരി സിജി തോമസ് 2002-ല്‍ ഐഎഎസ് നേടി ഇപ്പോള്‍ തമിഴ്നാട് സ്കൂള്‍ എജ്യൂക്കേഷന്‍ കമ്മീഷണറാണ്.
മലയാളത്തില്‍ അടുത്തകാലത്ത് വന്‍വിജയം നേടിയ പൃഥ്വിരാജ് ചിത്രം ‘എന്ന് നിന്റെ മൊയ്തീന്റെ’ സഹനിര്‍മ്മാതാവായിരുന്നു. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സൗജന്യമായാണ് ചെയ്യുന്നതെന്ന് അറിയിച്ചിരുന്നതായി രാജിയുടെ പിതൃസഹോദരന് മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കുര്യന് തോമസ് പറഞ്ഞു. മല്ലപ്പള്ളിയിലെ കുടുംബവീട് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ചുമതലയിലാണ്.