• ബിജു ചെറിയാന്‍
ന്യൂയോര്‍ക്ക്: വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ഇന്നലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതയായ അന്നമ്മ മാത്യു(94)വിന്റെ പൊതുദര്‍ശനം മെയ് 17-നു ഞായറാഴ്ച മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വച്ചു നടത്തും. ഉച്ചയ്ക്ക് 12 മണി മുതല്‍ 2 വരെയുള്ള വേക്ക് സര്‍വീസ് നിലവിലുള്ള സാമൂഹ്യ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടത്തും. തിങ്കളാഴ്ച രാവിലെ ഫ്യൂണറല്‍ ഹോമില്‍ വച്ചു സംസ്കാര ശുശ്രൂഷകളും തുടര്‍ന്നു 11 മണിക്ക് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്കാരം. 10 പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇടുക്കി രാജകുമാരി മേക്കാംകുന്നേല്‍ കുടുംബാംഗമായ പരേതനായ മാത്യുവിന്റെ ഭാര്യയായ അന്നമ്മ മാത്യു ദീര്‍ഘകാലമായി അമേരിക്കയില്‍ സ്ഥിരതാമസമായിരുന്നു. പേരക്കുട്ടികളേയും, കൊച്ചു പേരക്കുട്ടികളേയും കാണുവാനും, സ്‌നേഹാദരവുകള്‍ നേടാനും അസുലഭ ഭാഗ്യം ലഭിച്ച മാതാവായിരുന്നു പരേത. ചിട്ടയായ ജീവിതവും കറയറ്റ ദൈവ വിശ്വാസവും കൈമുതലായുള്ള അന്നമ്മ മരണശേഷം മാതൃഇടവയായ രാജകുമാരി സെന്റ് ജോണ്‍സ് ഗാഗുല്‍ത്താ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ പ്രിയ ഭര്‍ത്താവിന്റെ കല്ലറയില്‍ അന്ത്യവിശ്രമം വേണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് സഭാപരമായ കൂദാശകളെല്ലാം സ്വീകരിച്ച് യാത്രയായത്.
ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി സൂപ്പര്‍വൈസര്‍ ബാബു മാത്യു (റോക്ക്‌ലാന്റ്, ന്യൂയോര്‍ക്ക്) ഏക പുത്രനും, സാറാക്കുട്ടി തോമസ് കീപ്പനശേരില്‍, കുഞ്ഞമ്മ മുണ്ടയ്ക്കല്‍, മേരി ജേക്കബ്, സീസന്‍ സാജു, ലിസി തോമസ് (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്), ലീല ബാബു കീപ്പനശേരില്‍ (ടാമ്പാ, ഫ്‌ളോറിഡ), ഷാന്റി ജേക്കബ് (ന്യൂജേഴ്‌സി) എന്നിവര്‍ പുത്രിമാരുമാണ്.
സാമൂഹ്യ പ്രവര്‍ത്തകനും, സ്റ്റാറ്റന്‍ഐലന്റിലെ ആദ്യ പ്രവാസികളില്‍ ഒരാളുമായ തോമസ് കീപ്പനശേരില്‍, റവ.ഫാ. ചെറിയാന്‍ മുണ്ടയ്ക്കല്‍ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനം), തോമസ് പാറേക്കാടന്‍, സാജു പള്ളത്ത്, ജേക്കബ് കോതമംഗലം, ബാബു കീപ്പനശേരില്‍, ജേക്കബ് വിളയില്‍, ബിബി ബാബു മാത്യു എന്നിവര്‍ ജാമാതാക്കളാണ്.
അന്നമ്മ മാത്യുവിന്റെ നിര്യാണത്തില്‍ സഭാ മേലധ്യക്ഷന്മാര്‍, വൈദീകശ്രേഷ്ഠര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് തോമസ് തോമസ് പാലത്തറ, കേരള സമാജം പ്രസിഡന്റ് വിന്‍സന്റ് ബാബുക്കുട്ടി എന്നിവരും അനുശോചനം അറിയിച്ചു.