ഫിലഡൽഫിയ∙ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്തേക്ക് തിളച്ചെത്തുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കയിലെ ഏറ്റവും വലിയ ഇന്ത്യൻ യുവജന കൂട്ടായ്മയായ ബഡി ബോയ്‌സ് ഫിലഡൽഫിയാ പ്രവർത്തകർ എല്ലാവിധ സഹായ സഹകരണങ്ങളോടും കൂടിയുള്ള പിന്തുണ പ്രഖ്യാപിച്ചു.

ഈ അതി ശൈത്യത്തിലും ഇന്ത്യയിലെ കർഷകർ വീടും വയലും ഉപേക്ഷിച്ച് ഡൽഹിക്ക് വന്നിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ കരിനിയമത്തിനെതിരെ പ്രതിഷേധിക്കാനാണ്. എന്നാൽ, കർഷകരുടെ വീറും വാശിയും നിറഞ്ഞ ‘ഡൽഹി ചലോ’ മാർച്ച് പൊലീസിന്നെയും മറ്റു സന്നാഹങ്ങളും ഉപയോഗിച്ച് തടയുവാനും നിർവീര്യമാക്കുവാനുമുള്ള സർക്കാർ ശ്രമം പാളുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് . കർഷകരുടെ അത്യുജ്വല പോരാട്ടവീര്യത്തിനു മുന്നിൽ സർക്കാർ മുട്ടുമടക്കുന്ന കാലം വിദൂരമില്ലെന്നും, പാവപ്പെട്ട കർഷകരെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും ബഡി ബോയ്‌സ് ആവശ്യപ്പെട്ടു.

‘സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിൽ സർവ്വ രാഷ്ട്രീയവും മറന്നു അന്നദാതാക്കളായ കർഷകർക്കൊപ്പമാണ് ഞങ്ങൾ. അവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാൻ ഉള്ള സജ്ജീകരണങ്ങൾ ഞങ്ങൾ ഇതിനോടകം ചെയ്തുകഴിഞ്ഞു’.- ബഡി ബോയ്‌സ് വക്താക്കൾ അറിയിച്ചു.