കോഴിക്കോട്: അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് ഇന്ന് അഞ്ച് ട്രെയിനുകള്‍ സര്‍വീസ് നടത്തും. കോഴിക്കോട്ട് നിന്നും കണ്ണൂരില്‍ നിന്നുമടക്കം അഞ്ച് ട്രെയിനുകളാണ് ഇന്ന് പുറപ്പെടുന്നത് . കോഴിക്കോട് നിന്ന് ബിഹാറിലെ പട്നയിലേക്കാണ് ട്രെയിന്‍ പുറപ്പെടുക . തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അധികൃതര്‍ അറിയിച്ചു .

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്യാമ്ബുകളില്‍ കഴിയുന്ന 1200 അതിഥി തൊഴിലാളികളെയാണ് ബിഹാറിലെത്തിക്കുന്നത് . കഴിഞ്ഞ ദിവസം റാഞ്ചിയിലേക്ക് 1175 യാത്രക്കാരുമായി മറ്റൊരു ട്രെയിന്‍ പുറപ്പെട്ടിരുന്നു. ഇന്ന് വൈകീട്ട് ട്രെയിന്‍ പുറപ്പെടും . രണ്ട് മണിയോടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചു .

കോഴിക്കോടിന് പുറമെ കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നാണ് മറ്റ് ട്രെയിന്‍ സര്‍വീസുകള്‍. കണ്ണൂരില്‍ നിന്ന് അഞ്ച് മണിക്കാണ് ട്രെയിന്‍. 1230 അതിഥി തൊഴിലാളികളെയാണ് കൊണ്ടുപോവുക. തൃശൂരില്‍ നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് മറ്റൊരു ട്രെയിന്‍ സര്‍വീസ് നടത്തുന്നത് . ഇന്ന് വൈകിട്ട് അഞ്ചിനാണ് തൃശ്ശൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടുക. 1200 പേരെ കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം. എറണാകുളത്ത് നിന്ന് ഇന്ന് രണ്ട് ട്രെയിനുകളാണ് ബിഹാറിലേക്ക് പുറപ്പെടുക.