സോള്‍: കൊവിഡ് വൈറസ് വ്യാപനം ചൈനയ്ക്ക് പുറത്ത് ആദ്യം പിടിമുറുക്കിയ രാജ്യമായിരുന്നു ദക്ഷിണ കൊറിയ. ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ വൈറസിനെ കീഴടക്കി ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനമാണ് ദക്ഷിണ കൊറിയ കാഴ്ചവച്ചത്. പരിശോധനകള്‍ വ്യാപകമാക്കിയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ശക്തമായി പാലിച്ചുമാണ് ദക്ഷിണ കൊറിയ രോഗവ്യാപനം പിടിച്ചുനിറുത്തിയത്.

രോഗലക്ഷണങ്ങളില്ലാത്തവരെ പോലും പരിശോധനയ്ക്ക് വിധേയമാക്കുന്ന തരത്തില്‍ ടെസ്റ്റുകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടത്തിയാണ് കൊവിഡ് ബാധിതരെ കണ്ടെത്തിയത്. എന്നാല്‍ പിന്നീട് രണ്ടാം ഘട്ട വ്യാപനഭീതിയും രോഗമുക്തര്‍ വീണ്ടും കൊവിഡ് ബാധിതരാകുന്ന സ്ഥിതിയും ദക്ഷിണ കൊറിയയില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

രോഗം നിയന്ത്രണ വിധേയമായപ്പോള്‍ സ്‌കൂളുകളും പാര്‍ക്കുകളും വിനോദ കേന്ദ്രങ്ങളുമെല്ലാം തുറന്നിരുന്നു. എന്നാല്‍, വീണ്ടും രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ തുടങ്ങിയതോടെ രാജ്യം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയാണ്. പുതുതായി ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിക്കാത്ത ദിവസങ്ങള്‍ക്ക് ശേഷമാണ് ദക്ഷിണ കൊറിയ സ്‌കൂളുകള്‍ തുറക്കുകയും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തത്.

മേയ് ആറിനാണ് വ്യാപാരസ്ഥാപനങ്ങളും സ്‌കൂളുകളും ഉള്‍പ്പെടെ തുറന്നത്. എന്നാല്‍, മേയ് അവസാനമാകുമ്ബോള്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വ്യാഴാഴ്ച 79 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പുതുതായി രോഗം സ്ഥിരീകരിച്ച 79 കേസുകളില്‍ 67 പേരും രാജ്യ തലസ്ഥാനമായ സോളിലാണ്. തുടര്‍ച്ചായി അഞ്ചാം ദിവസമാണ് 50ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത രണ്ടാഴ്ച രാജ്യത്തെ സംബന്ധിച്ച്‌ നിര്‍ണായകമാണെന്ന് ദക്ഷിണ കൊറിയന്‍ ആരോഗ്യ മന്ത്രി പാര്‍ക് ന്യൂങ് ഹൂ പറഞ്ഞു. തുടര്‍ച്ചയായി പുതിയ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത്.

ജൂണ്‍ 14 വരെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. അയവ് വരുത്തിയ നിയന്ത്രണങ്ങള്‍ വീണ്ടും പാലിക്കാന്‍ തുടങ്ങണമെന്നും മന്ത്രി ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. വീണ്ടും രോഗം പിടിമുറുക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.