പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ച് വർഷത്തിനിടെ സന്ദർശിച്ചത് 58 രാജ്യങ്ങൾ. ഈ യാത്രകൾക്കായി ആകെ ചെലവായത് 517 കോടി രൂപയാണ്. വിദേശകാര്യ മന്ത്രാലയം രേഖാമൂലമാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്.
പ്രധാനമന്ത്രി അഞ്ച് തവണ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സിംഗപ്പൂർ, ജർമനി, ഫ്രാൻസ്, യുഎഇ, ശ്രീലങ്ക എന്നിവയാണ് മോദി സന്ദർശിച്ച മറ്റ് രാജ്യങ്ങൾ.
ഈ യാത്രകൾ മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിച്ചുവെന്നും അന്താരാഷ്ട്ര വിഷയങ്ങൾ മനസിലാക്കാൻ സഹായിച്ചുവെന്നും വിദേശകാര്യമന്ത്രി വി മുരളീധരൻ പറഞ്ഞു.
ജൂൺ 2014 മുതൽ 2000 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി ചെലവായതെന്നാണ് 2018 ഡിസംബറിൽ സർക്കാർ അറിയിച്ചത്. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ്, എയർക്രാഫ്റ്റ് മെയിന്റനൻസ്, ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായുള്ള ചെലവ് എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ കണക്ക്.
അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന വി.കെ സിംഗ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,583.18 കോടി രൂപയാണ് എയർക്രാഫ്റ്റ് മെയിന്റനൻസിനായി മാത്രം ചെലവായത്. 429.25 കോടി രൂപയാണ് ചാർട്ടേഡ് വിമാനങ്ങൾക്കായി വേണ്ടിവന്നത്. 9.11 കോടി രൂപയാണ് ഹോട്ട്‌ലൈൻ സൗകര്യങ്ങൾക്കായി ചെലവഴിച്ചത്.