അഞ്ച് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കാസര്‍കോട് കുമ്ബള സ്വദേശികളായ ജലാല്‍ മന്‍സില്‍ ജലാല്‍, ബത്തേരി വീട്ടില്‍ ഉമ്മര്‍ എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലീസും പാളയത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ പിടികൂടിയത്. ഇവര്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച ഏഴ് കിലോ കഞ്ചാവും പോലീസ് പിടിച്ചെടുത്തു.

പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും, ഇവരുടെ കൈവശമുണ്ടായിരുന്ന 7.100 കിലോ ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. ഇടപാടുകാര്‍ക്ക് കഞ്ചാവ് കൊണ്ടുവരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.

കഞ്ചാവ് മൊത്ത വില്‍പനക്കാരനായ കാസര്‍കോട് സ്വദേശിയില്‍ നിന്നും വാങ്ങി കോഴിക്കോട്ടേക്ക് ബൈക്കില്‍ കൊണ്ടുവന്ന് വില്‍പന നടത്തി തിരികെ പോകാറാണ് പതിവെന്ന് പ്രതികള്‍ പറഞ്ഞു.

മൊത്ത വില്പനകാരനെ കുറിച്ച്‌ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അയാള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്നും നാര്‍ക്കോട്ടിക്ക് സെല്‍ എ.സി.പി സുനില്‍ കുമാര്‍ പറഞ്ഞു.