ചെറായി: എറണാകുളം ചെറായിയില്‍ 42 ഗ്രാം എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനില്‍ ഷിനാസ് (28), പുതിയറോഡ് പനച്ചിക്കാപ്പറമ്പ് ഷാജഹാന്‍ (31), പുതിയറോഡ് മഹാജനവാടി സഫീര്‍ (ഷിലാസ് 28), ബസാര്‍ റോഡ് പുതുക്കാട്ട് പറമ്പ് സഫീര്‍ (എപ്പീര്‍ 32 ) എന്നിവരാണ് പോലീസ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ റൂറല്‍ ജില്ലാ ഡാന്‍സാഫും മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി എത്തിച്ച രാസലഹരിയാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ചെറായിയിലെ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് ചെറായി, പുതുവൈപ്പ് ബീച്ച്, കൊച്ചി ഭാഗങ്ങളിലേക്ക് വില്‍പ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ് പി.ജെ. ഉമേഷ് കുമാര്‍, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്‍, ഇന്‍സ്‌പെക്ടര്‍ കെ.എസ്. സന്ദീപ്, എസ്‌ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.