സ്ത്രീകളുടെ ശബ്ദം പുരുഷന്മാരെ പാപത്തിലേക്കു നയിച്ചേക്കാമെന്നതിനാൽ പൊതുസ്ഥലത്ത് സംസാരിക്കുന്നതിനോ, പാടുന്നതിനോ സ്ത്രീകളെ വിലക്കുന്ന കർശന നിയമങ്ങൾ താലിബാൻ നടപ്പാക്കിയതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽനിന്ന് യു. എസ്. എല്ലാ സൈനികരെയും പിൻവലിച്ച് ഏകദേശം മൂന്ന് വർഷത്തിനുശേഷം, അഫ്ഗാനിസ്ഥാന്റെ നിയന്ത്രണമേറ്റെടുത്ത താലിബാൻ, എല്ലാ സ്ത്രീകളെയും അവരുടെ വീടിനുപുറത്ത് സംസാരിക്കുകയോ, പാടുകയോ ചെയ്യുന്നതിൽനിന്നു വിലക്കുന്ന പുതിയ നിയമമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
2021 ആഗസ്റ്റ് 31 മുതൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് പൗരന്മാർ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങൾ കർശനമായി പരിമിതപ്പെടുത്തുന്ന നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള പെൺകുട്ടികളെ സ്‌കൂളിൽനിന്ന് ഒഴിവാക്കിയാണ് ഇതിന് ആരംഭം കുറിച്ചത്. സ്ത്രീകൾ അവരുടെ ശരീരത്തിന്റെയോ, മുഖത്തിന്റെയോ ഏതെങ്കിലും ഭാഗം കാണിക്കുന്നതിനും അനുവാദമില്ല.
താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ കഴിഞ്ഞയാഴ്ച കുറെയേറെ വിചിത്ര നിയമങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ‘പുരുഷന്മാരെ പ്രലോഭനത്തിലേക്കും ദുഷ്പ്രവൃത്തിയിലേക്കും നയിക്കാതിരിക്കാൻ’ സ്ത്രീകൾ എല്ലായ്‌പ്പോഴും പൊതുസ്ഥലത്ത് മുഖവും ശരീരവും പ്രദർശിപ്പിക്കാൻ പാടില്ല എന്ന നിയമത്തിന്റെ ആവർത്തനവും അവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സ്ത്രീകളുടെ ശബ്ദങ്ങൾക്ക് പുരുഷന്മാരെ പാപത്തിലേക്കു നയിക്കാൻ കഴിവുള്ളതിനാൽ അവ ഇനി പൊതുസ്ഥലത്ത് കേൾക്കാൻ പാടില്ല. രക്തബന്ധമോ, വിവാഹബന്ധമോ ഇല്ലാത്ത പുരുഷനെ നോക്കാൻ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് അനുവാദമില്ല. ‘അനുയോജ്യമായ പുരുഷന്റെ അകമ്പടി’ ഇല്ലാതെ ഒരു ടാക്സിയിൽ യാത്ര ചെയ്യാൻപോലും സ്ത്രീക്ക് അനുവാദമില്ല.