അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തിരിച്ചെത്തിയതിൻ്റെ മൂന്നാം വാർഷികം ബാഗ്രാമിലെ മുൻ യുഎസ് വ്യോമതാവളത്തിൽ വൻ പരേഡോടെ ആഘോഷിച്ചു താലിബാൻ. ഹെലികോപ്റ്ററുകൾ, ഹംവീസ്, ടാങ്കുകൾ എന്നിവയുൾപ്പെടെയുള്ള യുഎസ് ഉപകരണങ്ങളുമായി അംഗങ്ങൾ മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ വൈറലാണ്.

“ഇസ്‌ലാമിക് എമിറേറ്റ് ആഭ്യന്തര ഭിന്നതകൾ ഇല്ലാതാക്കി, രാജ്യത്ത് ഐക്യത്തിൻ്റെയും സഹകരണത്തിൻ്റെയും വ്യാപ്തി വിപുലീകരിച്ചു, അഫ്‌ഗാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത്  ഉപപ്രധാനമന്ത്രി മൗലവി അബ്ദുൾ കബീർ പറഞ്ഞു. 

എന്നാൽ ചടങ്ങിൽ സംസാരിച്ച ഒരാൾ പോലും അഫ്ഗാനികൾ ദൈനംദിന ജീവിതത്തിൽ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ചില്ല. ദി എപി, ഏജൻസി ഫ്രഞ്ച്-പ്രസ്, റോയിട്ടേഴ്‌സ് എന്നിവയിൽ നിന്നുള്ള വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെ സ്ത്രീകളെ പരിപാടിയിൽ നിന്ന് വിലക്കിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാബൂള്‍ അടക്കം നിയന്ത്രണത്തിലാക്കി താലിബാന്‍ അഫ്ഗാന്‍ കൈയടക്കി. 1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യം അധികാരം കൈയാളുന്നത്.

ഒടുവില്‍ അമേരിക്ക തന്നെ അഫ്ഗാനെ 2001ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി.  2013ലാണ് താലിബാൻ സ്ഥാപകൻ ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തില്‍ അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടരുകയും  ഭരണം പിടിച്ചെടുക്കുകയും ആയിരുന്നു.